‘
കോട്ടയം: തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി ഇന്നു രാവിലെ പത്രസമ്മേളനം നടത്തുകയായിരുന്നു.
ഇപ്പോൾ ശബരിമല വിഷയം ചർച്ചയ്ക്ക് ഉയർത്തേണ്ട കാര്യമില്ല. കോടതി വിധി വന്നശേഷം മറ്റ് കാര്യങ്ങളെക്കുറിച്ചു ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ട്. സർവേ ഫലം പുറത്ത് വന്നതിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അലംഭാവം പാടില്ല.
പ്രതിസന്ധികൾ ഉണ്ടായിട്ടും ജനങ്ങൾ പ്രതീക്ഷിച്ച വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും കാഴ്ചവയ്ക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.സർക്കാരിനെതിരെ ബിജെപിയും കോണ്ഗ്രസും നുണ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത്തരം പ്രചാരണങ്ങൾക്കു തെരഞ്ഞെടുപ്പിലുടെ ജനങ്ങൾ മറുപടി നല്കും.
പലപ്പോഴും ഇവരുടെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. വ്യാജമായി സൃഷ്്ടിക്കുന്ന ഇത്തരം ആരോപണങ്ങൾ ജനങ്ങൾ മുഖവിലയക്ക് എടുക്കില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് പറയുന്നത് നടപ്പാക്കുകയും നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വികസം നടപ്പാക്കുന്പോൾ സുതാര്യതയോടെയാണ് നടപ്പാക്കുന്നത്. ആതിനാൽ ആരോപണങ്ങളിൽ കഴന്പില്ലെന്നു ജനങ്ങൾക്കു ബോധ്യപ്പെടും.
എൽഡിഎഫ് പ്രകടന പത്രിക മുൻനിർത്തി തെഞ്ഞെടുപ്പിനെ നേരിടുന്പോൾ യുഡിഎഫും ബിജെപിയും കുറുക്ക് വഴികൾ തേടുകയാണ്. ജനവികാരം അട്ടിമറിക്കാൻ കഴിയില്ല. കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗം എത്തിയതു എൽഡിഎഫിന്റെ അടിത്തറയ്ക്കു വികസനമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പത്രസമ്മേളനത്തിനുശേഷം പാലായിൽ നടക്കുന്ന ആദ്യ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. തുടർന്നു 11ന് വൈക്കം ബീച്ച് മൈതാനിയിൽ നടക്കുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
വൈകുന്നേരം നാലിന് പുതുപ്പള്ളി മണ്ഡലത്തിലെ പാന്പാടിയിലും അഞ്ചിന് ഏറ്റുമാനൂരിലും യോഗങ്ങളിൽ പങ്കെടുക്കും. വൈകുന്നേരം ആറിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലയിലെ മുഖ്യമന്ത്രിയുടെ പര്യടനം പൂർത്തിയാകും.