കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും നാളെ ജില്ലയിലെത്തും. കേന്ദ്രമന്ത്രി അമിത് ഷാ 24നും ജില്ലയിലെത്തും. നാളെ രാവിലെ എത്തുന്ന രാഹുൽ ഗാന്ധി 11ന് ചിങ്ങവനത്തു നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12ന്് മണർകാട് എത്തുന്ന രാഹുൽ ഗാന്ധി മണർകാട് കവലയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.
അവിടെനിന്നും കൊടുങ്ങൂർ വഴി ഉച്ചകഴിഞ്ഞ് ഒന്നിന് പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മത്സരിയ്ക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചാരണം നടത്തും.
പൈക വഴി പാലായിൽ എത്തി ഉച്ചകഴിഞ്ഞു രണ്ടിന്് മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. മരങ്ങാട്ടുപള്ളി വഴി മൂന്നിന് ഉഴവൂരിലെത്തി മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.
തുടർന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.നാളെ രാവിലെ 10ന് എലിക്കുളത്താണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ആദ്യയോഗം.
11ന് മെഡിക്കൽ കോളജ് പരിസരത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കടുത്തുരുത്തിയിലും നാലിന് കാഞ്ഞിരപ്പളളിയിലും അഞ്ചിന് മുണ്ടക്കയത്തും ആറിന് എരുമേലിയിലും നടക്കുന്ന പൊതുസമ്മേളത്തിൽ മന്ത്രി ഷൈലജ പ്രസംഗിക്കും.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കേന്ദ്രമന്ത്രി അമിത് ഷാ 24നു ഉച്ചകിഞ്ഞ് മൂന്നിന് മണിമലയിൽ പ്രസംഗിക്കും. മറ്റ് ബിജെപി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കേന്ദ്രമന്ത്രിമാർ എത്തും.