സിജോ പൈനാടത്ത്
കൊച്ചി: അടവുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതത്തിലും ആവശ്യമാണെന്നു വിദ്യാർഥിനികളെ പഠിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സമ്മര്‍ദങ്ങളെയും ആക്രമണങ്ങളെയും അതിജീവിക്കാന്‍ ജപ്പാനീസ് ആയോധനകലയായ അക്കിഡോയിലെ അടവുകള്‍ രാഹുല്‍ പരിശീലിപ്പിച്ചത് എറണാകുളം സെന്റ് തെരേസാസ് കോളജില്‍.
വിദ്യാര്‍ഥിനികളുമായുള്ള ആശയവിനിമയത്തിനിടെയാണു താന്‍ നേരത്തെ പരിശീലനം നേടിയിട്ടുള്ള അക്കിഡോ സദസിനെ പരിചയപ്പെടുത്തിയത്.
കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണും രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയുമായ വര്‍ഷ വേണുഗോപാലിന്റെ രാഹുലിനോടുള്ള ചോദ്യത്തില്‍, അക്കിഡോയെക്കുറിച്ചു സൂചിപ്പിച്ചിരുന്നു.
അക്കിഡോ പരിശീലിച്ചിട്ടുള്ള രാഹുല്‍ജി വിദ്യാര്‍ഥിനികള്‍ക്കായി അതിലെ അടവുകള്‍ ഏതെങ്കിലും പ്രദര്‍ശിപ്പിക്കാമോ എന്നായിരുന്നു വര്‍ഷയുടെ ചോദ്യം.
സന്തോഷത്തോടെ സമ്മതമറിയിച്ച രാഹുല്‍, അതിനായി വര്ഷയെതന്നെ വേദിയിലേക്കു ക്ഷണിച്ചു. ഒന്നോ അതിലധികമോ പേര് നമ്മെ ഉന്തുകയോ തള്ളുകയോ ചെയ്യുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചുള്ള അക്കിഡോയിലെ ലളിതമായ ചുവടാണു രാഹുല്‍ പരിചയപ്പെടുത്തിയത്.
വര്‍ഷയെ തള്ളുന്നതിന് ആറു പേരെക്കൂടി രാഹുല്‍ വേദിയിലേക്കു വിളിച്ചു. ഓരോരുത്തരും തള്ളുമ്പോള്‍ വര്‍ഷ പ്രതിരോധം കൂട്ടിവരുന്നതു ശ്രദ്ധിക്കണമെന്നു രാഹുല്‍ ഓര്‍മിപ്പിച്ചു.
പെണ്‍കുട്ടികള്‍ എന്ന നിലയില്‍ സമൂഹത്തില്‍ പലവിധത്തിലുള്ള സമ്മര്‍ദങ്ങളും എതിര്‍പ്പുകളും ഉയരുമ്പോള്‍ പ്രതിരോധം കൂടുതല്‍ ബലപ്പെടുത്തണമെന്നു രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും താന്‍ ഇതു പരിശീലിക്കുന്നു. എതിര്‍പ്പുകള്‍ ബലപ്പെടുമ്പോള്‍, നാം പ്രതിരോധവും ശക്തമാക്കും -രാഹുല്‍ പറഞ്ഞു.
താന്‍ ഏറെ ആദരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം വേദിയില്‍ ആയോധന കലയുടെ പ്രദര്‍ശനത്തിന്റെ ഭാഗമാകാനായത് അഭിമാനവും സന്തോഷവും തരുന്നതാണെന്നു വര്‍ഷ പറഞ്ഞു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള വര്‍ഷ തൃക്കാക്കര സ്വദേശിനിയാണ്.
സംവാദത്തിനുശേഷം വര്‍ഷയോടു വിശേഷങ്ങള്‍ തിരക്കാനും മാര്‍ഷല്‍ ആട്സിനെക്കുറിച്ചു കൂടുതല്‍ പറയാനും രാഹുല്‍ സമയം കണ്ടെത്തി. വര്ഷയ്ക്കൊപ്പമുള്ള ചിത്രം രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.