മലപ്പുറം: ജില്ലയിൽ കടുത്ത മൽസരം നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ അപരൻമാൻ രംഗത്ത്.
തവനൂർ,തിരൂരങ്ങാടി,തിരൂർ,താനൂർ,മങ്കട,പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് അപരൻമാർ കൂടുതലുള്ളത്.
തവനൂരിൽ ഫിറോസ് എന്ന പേരിലാണ് കൂടുതൽ അപരൻമാർ. തിരൂരിൽ ഗഫൂറുമാരും താനുരിൽ ഫിറോസുമാരും മങ്കടയിൽ അലിമാരും പെരിന്തൽമണ്ണയിൽ മുസ്തഫമാരുമാണ് കൂടുതലായി മൽസരിക്കുന്നത്.
ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം ഇന്നലെ പത്രികകളുടെ സൂക്ഷ്്മ പരിശോധനയോടെ വ്യക്തമായി.
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ആറു സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആരും പത്രികകൾ പിൻവലിച്ചിട്ടില്ല.
16 നിയമസഭാ മണ്ഡലങ്ങളിൽ 111 പേരാണ് ജനവിധി തേടുന്നത്. താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ 10 വീതം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
പെരിന്തൽമണ്ണ, വേങ്ങര, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിൽ എട്ട് വീതം സ്ഥാനാർഥികളും കൊണ്ടോട്ടി, മങ്കട, പൊന്നാനി എന്നിവിടങ്ങളിൽ ഏഴ് വീതം സ്ഥാനാർഥികളും നിലന്പൂർ, മലപ്പുറം മണ്ഡലങ്ങളിൽ ആറുപേർ വീതവുമാണ് മത്സര രംഗത്തുള്ളത്.
ഏറനാട് അഞ്ച് സ്ഥാനാർഥികൾ ജനവിധി തേടുന്നു. വണ്ടൂർ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ നാലു പേർ വീതവുമാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം 28 പേരാണ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. ഇവരിൽ ഭൂരഭാഗവും ഡമ്മി സ്ഥാനാർഥികളാണ്.
വള്ളിക്കുന്ന് മണ്ഡലത്തിൽ അഞ്ച് പേരും കൊണ്ടോട്ടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മൂന്ന് പേർ വീതവും പത്രികകൾ പിൻവലിച്ചു.
ഏറനാട്, നിലന്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തവനൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് പേർ വീതവും വണ്ടൂർ, വേങ്ങര, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളും പത്രികകൾ പിൻവലിച്ച് മത്സര രംഗത്ത് നിന്ന് പിന്മാറി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ആരും പത്രികകൾ പിൻവലിച്ചില്ല.