സ്വന്തംലേഖകന്‍
കോഴിക്കോട്: ജോര്‍ജ്കുട്ടിയേയും കുടുംബത്തേയും വേട്ടയാടിയതിന് സസ്പന്‍ഷനിലാവുകയും പിന്നീട് “മുങ്ങു’കയും ചെയ്ത ദൃശ്യത്തിലെ സഹദേവന് പോലീസ് തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്.
ദൃശ്യം സിനിമയില്‍ പോലീസ് വേഷത്തില്‍ നിറഞ്ഞു നില്‍ക്കുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കലാഭവന്‍ ഷാജോണാണ് ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ ധര്മജന് ബോള്‍ഗാട്ടിയുടെ പ്രചാരണത്തിനെത്തുന്നത്.
അടുത്ത ദിവസം ഷാജോണ്‍ പ്രചാരണത്തിനെത്തുമെന്ന് ധര്മജന് രാഷ്ട്ര ദീപികയോട് പറഞ്ഞു.
അടുത്തിടെ ഒടിടി റിലീസിംഗിലൂടെ ലോകം മുഴുവന്‍ ചര്‍ച്ചയായ ദൃശ്യം 2 വില്‍ ഷാജോണിന്റെ അസാന്നിധ്യം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഒടുവില്‍ സംവിധായകന് ജീത്തുജോസഫ് തന്നെ ഷാജോണിന്റെ കഥാപാത്രത്തെ രചനയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ദൃശ്യം 2 സിനിമ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഷാജോണിനെ പ്രചാരണത്തിനിറക്കുന്നത് വോട്ടര്‍മാരെ ആവേശത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
ഷാജോണിന്റെ വരവ് കാത്തിരിക്കുകയാണ് ബാലുശേരിയിലെ പ്രവര്‍ത്തകര്‍.അതേസമയം ഷാജോണിന് പുറമേ ധര്‍മജന്റെ മറ്റു സുഹൃത്തുക്കളും രംഗത്തെത്തുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മി, നടന്മാരായ ഹരീഷ് കണാരന്, നിര്‍മല്‍ പാലാഴി, കോട്ടയം നസീര്‍, സലീം കുമാര്‍, പിഷാരടി എന്നിവരാണ് അടുത്ത ദിവസങ്ങളിലായി ധര്മജന് വോട്ട് തേടി എത്തുന്നത്.
പിഷാരടി കഴിഞ്ഞ ദിവസവും മണ്ഡലത്തിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ വീണ്ടുമെത്തുന്ന പിഷാരടി ഇവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുമെന്ന് ധര്മജന് പറഞ്ഞു.