കൊച്ചി: സര്‍ക്കാരിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇഡിക്കെതിരേയുള്ള കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണം. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
ഇത് റദ്ദാക്കണം. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഇന്നു കേസ് പരിഗണിക്കും.സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ കള്ളമൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് കേസ്.
സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നിലവില്‍ കേസെടുത്തത്. ഇവര്‍ക്കെതിരേ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്.
സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു.
സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കാന്‍ നിര്‍ണായകമായി എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു മൊഴി. തന്നെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും സ്വപ്ന പറയുന്നുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും സമാന ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കിയാല് ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വാക്ക് തന്നതായും കോടതിക്ക് അയച്ച കത്തില്‍ സരിത്തും പറഞ്ഞിരുന്നു.
പ്രതികളുടെ മൊഴികളെല്ലാം പരിശോധിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.