തൃശൂർ: ഒരുമാസത്തെ കോർപറേഷൻ അജൈവമാലിന്യം കൊണ്ടുപോകാൻ 52,09,820 രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിക്കാനാകില്ലെന്നു തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം.
2020 സെപ്റ്റംബർ മാസത്തെ തുക മാത്രമാണിതെന്നും, അജൻഡയിൽ വന്നതു തെറ്റാണെന്നും നേരത്തെ കൂട്ടിയിട്ട മാലിന്യമാണിതെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ വിവരിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
എത്ര വർഷത്തെ മാലിന്യമാണെന്ന് വ്യക്തമാക്കണമെന്നു ജോണ്‍ ഡാനിയേൽ ആവശ്യപ്പെട്ടു.കഴിഞ്ഞ സമിതിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന എം.എൽ. റോസി ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് ഇത്രയും തുക നൽകേണ്ടിവന്നതിനു കാരണമെന്നു പ്രതിപക്ഷം ആരോപിച്ചതോടെ ബഹളമായി.
ഒടുവിൽ വിശദീകരണവുമായി എം.എൽ. റോസി എഴുന്നേറ്റു.ബിജെപി അംഗം വിനോദ് പൊള്ളഞ്ചേരിയും മാലിന്യത്തിന് ഇത്രയും തുക നൽകുന്നതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്പോൾ തുക അനുവദിക്കുന്നതു ശരിയല്ലെന്നു സുനിൽ രാജ് പറഞ്ഞു.തുക അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പെഴുതണമെന്ന് ആവശ്യപ്പെട്ടെങ്കിലും തുക നൽകാൻ കൗണ്‍സിൽ തീരുമാനിച്ചു.