മുക്കം: ജനപ്രതിനിധികൾ തങ്ങളെ നിരന്തരമായി അവഗണിക്കുകയാണെന്നും തങ്ങളോട് നീതി പുലർത്തുന്നവരെ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും കേരള പട്ടികജാതി- പട്ടികവർഗ ഐക്യവേദി ഓമശേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മൂന്നു മുന്നണികളും ഭവന നിർമാണം ഒഴികെയുള്ള വിഷയങ്ങളിൽ പട്ടികവിഭാഗക്കാരോടുള്ള നിലപാട് പ്രകടനപത്രികയിൽ വിശദമാക്കാത്ത സാഹചര്യത്തിൽ എന്ത് നിലപാടാണ് മറ്റുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും സംഘടന നിലപാട് സ്വീകരിക്കുക.
ലൈഫ് പദ്ധതിയിൽ നിന്ന് പട്ടിക വർഗക്കാരെ ഒഴിവാക്കി പട്ടികജാതി വികസന വകുപ്പ് മുഖേന ഭവന നിർമാണം നടപ്പിലാക്കുക, പട്ടികജാതി വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റെപ്പൻഡ് വർധിപ്പിക്കുക, സാമ്പത്തിക സംവരണം പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് തങ്ങൾക്കുള്ളതെന്നും ഇവർ പറഞ്ഞു.
യൂണിറ്റ് തലം മുതൽ സംഘടനക്ക് വ്യക്തമായ അടിത്തറയുള്ള തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കുവാൻ സംഘടനയ്ക്ക് കഴിയും. കൊടുവള്ളി ബ്ലോക്കിൽ തന്നെ ഏറ്റവുമധികം കോളനികളും പട്ടികജാതി-വർഗ വിഭാഗക്കാരുമുള്ള പുതുപ്പാടി പഞ്ചായത്തിൽ സംഘടനക്ക് വ്യക്തമായ ആധിപത്യമുണ്ട്.
കഴിഞ്ഞ തവണ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിച്ച മുൻ കൊടുവള്ളി എംഎൽഎ തങ്ങൾക്കെതിരായി പ്രവർത്തിച്ചുവെന്നും ഇതിനെത്തുടർന്ന് സംഘടന ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പരാജയപ്പെട്ടതെന്നും ഇവർ അവകാശപ്പെട്ടു.
തിരുവമ്പാടി മണ്ഡലത്തിൽ ഹിന്ദു വോട്ടുകളിൽ 39 ശതമാനവും പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരാണ്. കൊടുവള്ളി മണ്ഡലത്തിൽപ്പെട്ട നരിക്കുനി, മടവൂർ, കിഴക്കോത്ത്, കൊടുവള്ളി, താമരശേരി, ഓമശേരി, കരുവൻപൊയിൽ എന്നീ പ്രദേശങ്ങളിൽ നാലായിരത്തോളം ഉറച്ച വോട്ടുകളുണ്ട്.
തിരുവമ്പാടി മണ്ഡലത്തിൽ ആറായിരത്തോളം വോട്ടുകളുമുണ്ട്. തെരഞ്ഞെടുപ്പിൽ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകൾ എന്നിവയുടെ യോഗം 24ന് മുക്കത്ത് വച്ചും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളുടെ യോഗം 26ന് ചെമ്പുകടവ് വച്ചും നടക്കും.
28ന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ യോഗം താമരശ്ശേരിയിൽ വച്ചും 30ന് പുതുപ്പാടി പഞ്ചായത്ത് യോഗം അടിവാരത്ത് വച്ചും ഏപ്രിൽ ഒന്നിന് രാവിലെ കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളുടെ യോഗം കൊടുവള്ളിയിൽ വച്ചും വൈകുന്നേരം രണ്ടു മണിക്ക് മടവൂർ, നരിക്കുനി പഞ്ചായത്തുകളുടെ യോഗം നരിക്കുനിയിൽ വച്ചും രണ്ടിന് ഓമശ്ശേരി പഞ്ചായത്തിൻ്റെ യോഗം ഓമശ്ശേരിയിൽ വച്ചും നടക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ വെളിമണ്ണ, വി.കെ ബാലൻ കൊടുവള്ളി, പി. ചന്ദ്രദാസ് ഓമശ്ശേരി, രാഘവൻ തെല്ലത്തിൻകര, ടി.യു. ജാനകി, ജാനു കോടഞ്ചേരി എന്നിവർ സംബന്ധിച്ചു.