സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം.
ബോളിവുഡ് നടന്മാര്ക്കും ബാന്ദ്ര, ഖര്, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്.
12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന് സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും.
എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു.
ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍ നിന്നും കണ്ടെടുത്തായും പോലീസ് പറയുന്നു.
അയാന്റെ പിതാവ് വളരെ മോശമായാണ് പെരുമാറിയതെങ്കിലും മകനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞതായി പോലീസ് അറിയിച്ചു. കാനഡ, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത് എന്നാണ് വിവരം.