ബെര്‍ലിന്‍: ജര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിര്‍ക്കെനൗ നഗരത്തില്‍ പാര്‍ട്ടിരഹിതനായ ജര്‍മനിയിലെ രണ്ടാം തലമുറ മലയാളി മിലന് മാപ്ലശേരി പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
14 ന് നടന്ന തെരഞ്ഞെടുപ്പില്‍ 78.59 ശതമാനം വോട്ടു നേടിയാണ് നാല്പതുകാരനായ മിലന് തെരഞ്ഞെടുക്കപ്പെട്ടത്.
20 വര്‍ഷമായി മേയര്‍ സ്ഥാനം വഹിച്ചിരുന്ന ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെ(സിഡിയു) അട്ടിമറിച്ചാണ് മിലൻ മേയർ സ്ഥാനത്തെത്തിയത്. മേയ് രണ്ടിന് ഔദ്യോഗികമായി അധികാരമേല്‍ക്കും. ആറു വര്‍ഷമാണ് കാലാവധി.
31 അംഗങ്ങളുള്ള ഭരണസമിതിയിൽ സിഡിയു, എസ്പിഡി, ഗ്രീന്‍ പാര്‍ട്ടി എന്നീകക്ഷികളാണുള്ളത്. പാര്ട്ടിരഹിതനായി മിലന് മാത്രം.
ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ താമസിക്കുന്ന എറണാകുളം സ്വദേശിയായ മാപ്ളശേരില് ജോര്‍ജ് ബേസിലിന്റെയും മരിയയുടെയും മകനാണ് മിലൻ.
ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. 2018 മുതല്‍ കുടുംബത്തോടൊപ്പം ബിര്ക്കെനൗവില് താമസിക്കുന്ന മിലന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പൊളിറ്റിക്കല്‍ സയൻസില്‍ മാസ്റ്റർ ബിരുദമുള്ള മിലന് ഒരു സഹോദരിയുമുണ്ട്.
ജോസ് കുമ്പിളുവേലില്‍