കണ്ണൂർ: സ്പീക്കർ പദവിയുടെ മഹത്വം ശ്രീരാമകൃഷ്ണൻ കളഞ്ഞുകുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണകള്ളക്കടത്ത് കേസിലെ പ്രതികൾ ഇഡിക്കു നൽകിയ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്. മൊഴികളിലൂടെ സിപിഎം നേതാക്കൾക്കളുടെയും സ്പീക്കറുടെയും തനിനിറം പുറത്തുവന്നിരിക്കുകയാണ്.
സ്പീക്കറെ നീക്കാനുള്ള പ്രമേയം നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചത് എത്ര ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥലം എംഎൽഎ പോലും അറിയാതെ സ്വപ്നയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി സ്വപ്നയുമായുള്ള അഗാധബന്ധത്തിന്റെ തെളിവാണ്.
നിയമസഭാ സമ്മേളനം കഴിയുന്പോഴൊക്കെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗൾഫിലേക്കു പോകുമായിരുന്നു. സ്വർണകള്ളക്കടത്തിൽ സ്പീക്കറുടെ പങ്കിനെപ്പറ്റി നേരാംവണ്ണം ചോദ്യംചെയ്താൽ കൂടുതൽ സത്യം പുറത്തുവരും. കളങ്കിതനായ സ്പീക്കർ രാജിവയ്ക്കണം.
പാർട്ടി സീറ്റ് പോലും നിഷേധിച്ച സാഹചര്യത്തിൽ ആ പദവിയിൽ അള്ളിപ്പിടിച്ചു നിൽക്കുന്നത് തെറ്റാണ്. സ്പീക്കർ പദവി ദുരുപയോഗപ്പെടുത്തി വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
ഇത് പ്രചരണരംഗത്ത് സിപിഎമ്മിന്റെ പണക്കൊഴുപ്പിന്റെ ശ്രോതസ് അഴിമതിപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ്, ജോയിന്റ് സെക്രട്ടറി ടി.കെ.എ ഖാദർ എന്നിവർ പ്രസംഗിച്ചു.