കാലടി: അങ്കമാലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോൺ എംഎൽഎയുടെ പര്യടന വാഹനങ്ങൾക്കു മുകളിലേക്ക് വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാർഥിയും സംഘവും അത്ഭുതകരമായി രക്ഷപെട്ടു.
എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം.
പതിനഞ്ചാം വാർഡിലെ തലശേരിയിൽ നിന്ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ പുറകിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹന വ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ കാറ്റും മഴയുമുണ്ടായി.
കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്കു വീണു. ഇതോടെ കനാൽ ബണ്ടിൽ നിന്ന വൈദ്യുതി പോസ്റ്റ് തൊട്ടുപിന്നാലെ സ്ഥാനാർഥി സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പിനു മുകളിലേക്ക് ചെരിഞ്ഞു.
എംഎൽഎയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി എന്നിവർ വാഹനത്തിൽ നിന്നു താഴെയിറങ്ങി.
ഈ സമയം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
അങ്കമാലിയിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. അല്പസമയത്തെ വിശ്രമശേഷം റോജി പര്യടനം തുടർന്നു. ബുധനാഴ്ച രാവിലെയാണ് കാലടി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്.