വിഴിഞ്ഞം: യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച ആറാം ക്ലാസുകാരനു ദാരുണാന്ത്യം. തീകൊളുത്തി മുടി വെട്ടുന്ന യൂ ട്യൂബിലെ ദൃശ്യങ്ങൾ അനുകരിച്ചതാണു വിദ്യാർഥിയുടെ ജീവനെടുത്തത്.
വിഴിഞ്ഞം, വെങ്ങാനൂർ പ്രസരാലയത്തിൽ ആർ. പ്രകാശിന്റെയും അനുഷയുടേയും മകൻ എ.പി. ശിവനാരായണനാണ് തീപ്പൊള്ളലേറ്റു മരിച്ചത്.
ആറാം ക്ലാസ് വിദ്യാർഥിയായ ശിവനാരായണൻ യുട്യൂബിൽ തീ ഉപയോഗിച്ച് തലമുടി സ്ട്രെയിറ്റൻ ചെയ്യുന്ന ദൃശ്യങ്ങൾ കണ്ട് അനുകരിച്ചപ്പോഴാണ് അപകടം നേരിട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയിരുന്നു സംഭവം. ഈ സമയം അമ്മൂമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും തടയാനായില്ല.
പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയിലിരിക്കെ രാത്രി പത്തോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശാന്തി കവാടത്തിൽ സംസ്കരിച്ചു. എ.പി. കൈലാസ് നാഥ് സഹോദരനാണ്.