മയാമി (ഫ്ളോറിഡ): മയാമി സൗത്ത് ബീച്ച് ഹോട്ടലിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.
ബീച്ച് റസ്റ്റോറന്റിൽ വച്ചു കണ്ടുമുട്ടിയ യുവാക്കളുമായി ഹോട്ടലിലേക്ക് പോയ ക്രിസ്റ്റിൻ എങ്കൾഹർട്ടൻ(24) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം ഹോട്ടൽ മുറിയിൽ നിന്നു കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു നോർത്ത് കരോളൈനയിൽ നിന്നുള്ള ഇവോയർ കൂലിയർ (21), ഡൊറെയ്ൻ ടെയ്ലർ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാക്കൾക്കൊപ്പം ക്രിസ്റ്റിൻ ഹോട്ടൽ മുറിയിലേക്കു പോകുന്നതിന്റെ ദൃശ്യം ക്യാമറയിൽ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂറിനുശേഷമാണു യുവാക്കൾ മുറിയിൽ നിന്നും പോയത്.
ഹോട്ടൽ മുറിയിൽ പ്രവേശിച്ച യുവാക്കൾ ക്രിസ്റ്റിൻ എങ്കൾഹർട്ടിന് ഒരു ഗുളിക നൽകി. തുടർന്ന് അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും ലൈംഗീക ബന്ധത്തിലേർപ്പെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യുവതിയുടെ കൈവശം ഉണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് മോഷ്ടിച്ചു പല സ്ഥലങ്ങളിലും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
യുവതിക്കു നൽകിയത് വേദനസംഹാരിയായിരുന്നുവെന്ന് യുവാക്കളിൽ ഒരാൾ പറഞ്ഞു. എന്നാൽ ഇത് മയക്കുമരുന്നാകാം എന്നാണു പോലീസിന്റെ നിഗമനം.
അവിധിക്കാലം ചിലവഴിക്കുന്നതിനാണു ക്രിസ്റ്റിൻ ഫ്ലോറിഡായിൽ എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്കെതിരെ ലൈംഗീക പീഡനം, കളവ്, അനുമതിയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
മരണകാരണം വ്യക്തമാകുന്നതോടെ കൊലപാതകുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ