താമരശേരി: ലോക്ക് ഡൗണ്‍ കാലത്ത് ഇലക്ട്രിക് സൈക്കിള്‍ നിർമിച്ച് പുതിയൊരു സാധ്യത തുറന്ന് ശ്രദ്ധേയനായിരിക്കുകയാണ് അഭിനവ് കുരുവിള ജോസഫ്.
അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്.
ഹെല്‍മറ്റ് ധരിച്ച് മോട്ടോറിന്റെ ശബ്ദത്തോടെ സൈക്കിള്‍ ഓടിച്ചുവരുന്ന അഭിനവിനെ സഹപാഠികളും അധ്യാപകരും ഏറെ കൗതുകത്തോടെയാണ് കണ്ടത്.
കോവിഡ് കാലത്ത് സമ്പര്‍ക്കമില്ലാതെ സ്കൂളില്‍ പോകാനാണ് ഇലക്ട്രിക് സൈക്കിള്‍ നിർമിച്ചത്.
സഹായത്തിന് പിതാവ് കുരുവിളയും കൂടിയതോടെ അഭിനവിന് ഉത്സാഹമേറി. ബിഎല്‍ഡിസി മോട്ടോറും ലിഥിയം അയണ്‍ ബാറ്ററിയും ഉപയോഗിച്ചാണ് സൈക്കിള്‍ നിർമിച്ചത്.
വീട്ടിലുണ്ടായിരുന്ന സൈക്കിളില്‍ മറ്റൊരു ഫ്രീവില്‍ കൂടി ഘടിപ്പിക്കുകയായിരുന്നു. പതിനായിരം രൂപയാണ് സൈക്കില്‍ നിർമാണത്തിന് ചിലവായത്.
രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 20 മുതല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. വലിയ കയറ്റത്തില്‍ പെഡല്കൂടി ചവിട്ടിക്കൊടുത്താല് എളുപ്പത്തില്‍ കയറാനാകും.
ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ സാധാരണ പോലെ ചവിട്ടി ഓടിക്കാനുമാകും. കണ്ണാടന്‍ വീട്ടില്‍ കരുവിളയുടെയും ജാസ്മിന്റെയും മകനാണ് അഭിനവ്.
അല്‍ഫോന്‍സ സ്കൂളില്‍ പഠിക്കുന്ന അഞ്ചാംക്ലാസുകാരന് അതുലും എല്‍കെജിയില്‍ പഠിക്കുന്ന അന്‍വിതയും സഹോദരങ്ങളാണ്.
അഭിനവ് പഠനത്തിലും ഒട്ടും പിന്നാക്കം പോകാതെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജില്‍സണ്‍ ജോസഫ് തയ്യില്‍ പറഞ്ഞു.