ആളൂർ: പ്ലസ് വണ്‍ വിദ്യാർഥിനിയായ പതിനേഴുകാരിയെ പ്രണയം നടിച്ചു വീട്ടിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറന്പിൽ മുഹമ്മദ് മുഹ്സിനെ (23) തൃശൂർ റൂറൽ എസ്പി പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു പലവിധ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ വശത്താക്കിയത്.
പുലർച്ചെ കാറിലെത്തിയ പ്രതി മാതാപിതാക്കൾ പോലുമറിയാതെ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി വയനാട്ടിലെ വൈത്തിരിയിലേയ്ക്കു കൊണ്ടുപോകുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചുമാണു പോലീസ് പ്രതിയിലേക്കെത്തിയത്.
പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണു കൊണ്ടുപോയതെങ്കിലും പ്രതിയുടെ മറ്റു സൗഹൃദങ്ങളെ പിന്തുടർന്ന് പോലീസ് സംഘം ഇയാളെ കുടുക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയി ബലാത്സംഘത്തിന് ഇരയാക്കിയതിനും പോക്സോ നിയമപ്രകാരവും കേസെടുത്തായിരുന്നു അന്വേഷണം. പ്രതി തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്.
കൽപ്പറ്റ ഇൻസ്പെക്ടർ പി. പ്രമോദ് സിപിഒമാരായ ജ്യോതിരാജ്, സി.വി. ജെയ്സൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്.
എസ്ഐമാരായ സി.കെ. സന്തോഷ്, ടി.എൻ. പ്രദീപൻ, ജോഷി, സീനിയർ സിപിഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, സീമ ജയൻ, ധനലക്ഷ്മി, സ്പെഷൽ ബ്രാഞ്ച് ഓഫീസർ സനീഷ് ബാബു, സൈബർ വിദഗ്ദൻ സി.കെ. ഷനൂഹ്, സിപിഒ ശ്യാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.