ഗുരുവായൂർ: മലയാളി വിഭവങ്ങൾക്കു ലണ്ടനിൽ ആരാധകരെയുണ്ടാക്കിയെടുത്ത ഗുരുവായൂർ സ്വദേശി ഹരിദാസ് ഇനി രുചിയോർമകളിൽ മാത്രം.
ലണ്ടനിൽ നിര്യാതനായ തെക്കുമുറി ഹരിദാസ് മലയാളത്തിന്റെ രുചിമാത്രമല്ല, വ്യത്യസ്ത ഇന്ത്യൻ വിഭവങ്ങളെയും ഹോട്ടൽ ശൃംഖലയിലൂടെ ഇംഗ്ലീഷുകാരുടെ മെനു ലിസ്റ്റിൽ ഉൾപ്പെടുത്തിയ മഹാനാണ്.
ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ലണ്ടനിൽ ഹോട്ടൽ ബിസിനസിലേക്ക് കടക്കുകയും ലണ്ടനിലെ വിവിധ കേന്ദ്രങ്ങളിൽ 20 ഓളം ഹോട്ടലുകൾ ആരംഭിക്കുകയും ചെയ്തു.
മലയാളിയുടെ ദോശ വിഭവങ്ങൾ ഉൾപ്പെടെയുള്ളവ ലണ്ടനിലെ ഹരിദാസിന്റെ ഹോട്ടലിൽ വിദേശികൾക്കും പ്രിയമുള്ളതാക്കി.
ഗുരുവായൂരിൽ നിരവധി കാരുണ്യ പ്രവൃത്തികളും ചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുവിളക്ക് ഹരിദാസിന്റെ വകയായാണ് നടത്തി വരുന്നത്.
ഗുരുവായൂർ പ്രദേശത്തെ ആരാധനാലയങ്ങൾ, സംഘടനകൾ, സാധുക്കൾ എന്നിവർക്ക് വലിയ സഹായങ്ങൾ നൽകിയിരുന്നു. ലണ്ടനിലെ ഇന്ത്യക്കാരുടെ വിവിധ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ കോളജിലെ ബിരുദപഠനത്തിനു ശേഷമാണ് ലണ്ടനിൽ ജോലിക്കായി പോയത്. ഹരിദാസിന്റെ മാതൃ സഹോദരി ഭർത്താവാണ് ലണ്ടനിലേക്കുള്ള വഴി തുറന്നുനൽകിയത്.
പരേതരായ ഭാസ്കരൻ നായരുടേയും തെക്കുമുറി തങ്കമ്മയുടേയും മകനാണ്.