കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നറിയാം.
കെ.എം.ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷല്‍ സെല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കേസെടുക്കാന്‍ തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഷാജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഇതോടെ യുഡിഎഫ് ആശങ്കയിലായി. കേസെടുത്താല്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.പൊതുപ്രവര്‍ത്തകനായ അഡ്വ. എം.ആര്.ഹരീഷ് നല്കിയ ഹർജിയിലാണ് ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കോടതി ഉത്തരവിട്ടത്.
വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനം രേഖയിലുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പിയുടെ നേൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 28 തവണ നടത്തിയ വിദേശ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നും വിശദ അന്വേഷണമാവാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എംഎല്‍എ ആയശേഷം 2011 ജൂണ്‍ ഒന്ന് മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളും മറ്റുമടങ്ങിയ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചിരുന്നത്.ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ആകെ ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില്‍ വാങ്ങി.
മൊത്തം സ്വത്തും ചെലവും കൂട്ടിയാല്‍ 2.36 കോടി രൂപയാകും. വരുമാനവുമായി താരതമ്യപ്പെടുത്തുേമ്പാള്‍ 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നുംം ഇത് അനധികൃത മാര്‍ഗത്തിലാണെന്ന് കരുതുന്നതായുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഷാജിയുടെ തിരുവനന്തപുരം സബ് ട്രഷറി, മറ്റ് ബാങ്കുകള്‍, ഭാര്യയുടെ അക്കൗണ്ട്, സ്വത്തുവിവരങ്ങള്‍ എന്നിവ പരിശോധിച്ചു.
പരാതിക്കാരനിലും 25 സാക്ഷികളിലും നിന്നും തെളിവെടുത്ത വിജിലന്‍സ് 36 രേഖകള്‍ പരിശോധിച്ചു. ശമ്പളമായി 17.05 ലക്ഷവും ഡി.എയായി 19.12 ലക്ഷവുമടക്കം 36.17 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായും കോഴിക്കോട് മാലൂര്‍ക്കുന്നില്‍ ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റ് വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും കണ്ടെത്തിയിരുന്നു.