തിരുവല്ല: ബേബി – കുഞ്ഞ് പോരാട്ടമാണ് ഇത്തവണ തിരുവല്ലയില്‍. കളംനിറച്ച് ആവേശവുമായി അശോകനും അങ്കത്തട്ടിലുണ്ട്.
മാത്യു ടി.തോമസിന് ഇപ്പോഴും കേരള നിയമസഭയില ബേബി എന്ന പദവിയുണ്ട്. 1987ല്‍ അദ്ദേഹം തിരുവല്ലയിലെ കന്നി അങ്കത്തില്‍ ജയിച്ച് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ നേട്ടമാണ് അത്.
25 വയസും ആറു മാസവും ഒരുദിവസവും മാത്രം പ്രായമുണ്ടായിരുന്ന മാത്യു ടി. തോമസിനേക്കാള്‍ പ്രായം കുറവുള്ള ആരും പിന്നീട് സഭയിലെത്തിയിട്ടില്ല.
നേരത്തെ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്ന ഈ നേട്ടം 2019ലാണ് മാത്യു ടി.തോമസ് സ്വന്തം പേരിലേക്കു സഭാ രേഖകളില്‍ തിരുത്തല്‍ ചെയ്യിപ്പിച്ചത്.
അന്നത്തെ ബേബി ഇന്നു സഭയില്‍ സീനിയറായെങ്കിലും ചരിത്രരേഖയില്‍ മാറ്റമുണ്ടാകില്ല. ഇത് ആറാം അങ്കമാണ്. നാലുതവണ വിജയിച്ചു.
കഴിഞ്ഞ മൂന്നുതവണയായി തിരുവല്ലയില്‍ ജയിച്ചുവരുന്ന മാത്യു ടി.തോമസിനെ നേരിടാന്‍ ഇത്തവണ യുഡിഎഫ് നിയോഗിച്ചത് കുഞ്ഞിനെയാണ്. മല്ലപ്പള്ളിക്കാരനായ കുഞ്ഞുകോശി പോളിനെ കുഞ്ഞെന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്.
മുന്‍ മന്ത്രി ടി.എസ്. ജോണ്‍ കൈപിടിച്ച് കേരള കോണ്ഗ്രസിലെത്തിക്കുകയും പിന്നീട് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം സ്വന്തമാക്കുകയും ചെയ്ത കുഞ്ഞുകോശി പോള്‍ ദീര്‍ഘകാലം തദ്ദേശസ്ഥാപന ജനപ്രതിനിധിയെന്ന നിലയില്‍ കാട്ടിയ മികവിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിലേക്കു കന്നി അങ്കത്തിന് നിയോഗിക്കപ്പെട്ടത്.
2016ലും 2019ലും നേടിയ വോട്ടുവര്‍ധനയുടെ പിന്‍ബലത്തില്‍ ബിജെപിയുടെ സാധ്യതാ മണ്ഡലങ്ങളിലൊന്നായി മാറിയ തിരുവല്ലയില്‍ ഇത്തവണ പട നയിക്കുന്നത് ജില്ലാ പ്രസിഡന്റ് അശോകന് കുളനട തന്നെയാണ്.
മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സമീപകാല ചരിത്രത്തില്‍ ലഭിക്കാതിരുന്ന വോട്ടുവര്‍ധനയാണ് ബിജെപിയുടേതെന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കേരളത്തില്‍ ബിജെപി ആദ്യമായി അധികാരം പിടിച്ച ഗ്രാമപഞ്ചായത്തായ നെടുമ്പ്രം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മത്സരിക്കുന്ന അശോകന് കുളനടയാകട്ടെ ബിജെപിയുടെ പഴയ പഞ്ചായത്ത് മെംബറും പ്രസിഡന്റുമായിരുന്നു. നിയമസഭയിലേക്ക് മുമ്പ് ആറന്മുളയില് മത്സരിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ അഡ്വ.തോമസ് മാത്യു ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
കൂടാതെ വിനോദ് കുമാര്‍ (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി), രാജേന്ദ്രദാസ് (ബിഎസ്പി), കെ.പി. യേശുദാസ്, സുരേന്ദ്രേന് കൊട്ടൂരേത്തില് (സ്വതന്ത്രര്‍) എന്നിവരും മത്സരരംഗത്തുണ്ട്. 2,12,288 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തിലുള്ളത്.
രാഷ്ട്രീയം പറഞ്ഞാല്‍
തിരുവല്ലയുടെ ചരിത്രം 1987 വരെഏറെക്കുറെ വലതുപക്ഷ ചിന്തയിലായിരുന്നു. 1987ല്‍ മാത്യു ടി.തോമസ് പരാജയപ്പെടുത്തിയത് തുടര്‍ച്ചയായി തിരുവല്ലയില്‍ വെന്നിക്കൊടി പാറിച്ചുവന്ന പി.സി. തോമസിനെ.
രണ്ടാം അങ്കത്തില്‍ മാത്യു ടി.തോമസിന് കാലിടറി. 1991ല്‍ അദ്ദേഹം പരാജയപ്പെട്ടത് കേരള കോണ്‍ഗ്രസ് എമ്മിലെ മാമ്മന്‍ മത്തായിയോട്.
1996, 2001 വര്‍ഷങ്ങളിലും മാമ്മന്‍ മത്തായി ജയിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെയുള്ള ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ വിജയിച്ചു.
2006ല്‍ മാത്യു ടി.തോമസ് വീണ്ടും രംഗപ്രവേശം ചെയ്യുന്നത് 15 വര്‍ഷത്തിനുശേഷമാണ്. അത്തവണ കേരള കോണ്‍ഗ്രസ് എമ്മിലെ വിക്ടര്‍ ടി.തോമസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
2009ല്‍ മണ്ഡലം പുനര്‍വിഭജനം പൂര്‍ത്തിയായതോടെ കല്ലൂപ്പാറ മണ്ഡലത്തിന്റെ അഞ്ച് പഞ്ചായത്തുകള്‍ തിരുവല്ലയോടു ചേര്‍ത്തു. രാഷ്ട്രീയമാറ്റം തിരുവല്ല പ്രതീക്ഷിച്ചെങ്കിലും 2011ലും 2016ലും മാത്യു ടി.തോമസ് തന്നെ വിജയിച്ചു.
കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പുകളിലും പടലപ്പിണക്കങ്ങളും അടിയൊഴുക്കുകളുമുണ്ടായി. 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ടും ജയപരാജയങ്ങളെ സ്വാധീനിച്ചു.
നിയസഭയിലേക്ക് മാത്യു ടി.തോമസ് വിജയിക്കുമ്പോഴും ലോക്സഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നേടുന്ന മണ്ഡലമാണ് തിരുവല്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കോയ്മ ഉണ്ടായിരുന്നു. അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ വീതം ഇരുമുന്നണികളും ഭരണത്തിലുണ്ട്.
തിരുവല്ല നഗരസഭയും യുഡിഎഫ് ഭരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് സ്വാധീനമുണ്ടാക്കിയ ഒരു മണ്ഡലമാണ ്തിരുവല്ലയെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ സ്വാധീനം തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് മണ്ഡലം ഇതാദ്യമായി എല്‍ഡിഎഫ് പക്ഷത്തു ചേര്‍ന്നതും പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിച്ചതും ഇതിന്റെ ഭാഗമായി.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് തിരുവല്ലയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
ബിജെപി വോട്ടുകളിലെ വര്‍ധന
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 7656 വോട്ട് മാത്രം നേടിയ എന്‍ഡിഎ 2016ല്‍ നേടിയത് 31439 വോട്ടുകളാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് 40186 വോട്ടുമായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 30160 വോട്ട് മണ്ഡല പരിധിയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നു. ബിജെപി ഭരിച്ചുകൊണ്ടിരുന്ന നെടുമ്പ്രം, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ബിജെപിക്കു നഷ്ടമായെങ്കിലും കവിയൂരില്‍ ഭരണം പിടിച്ചു.
എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസില്‍ നിന്ന് തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിയാണ് മത്സരിച്ചത്.
തിരുവല്ല നഗരസഭയില്‍ നിര്‍ണായകമായ സ്വാധീനം ബിജെപിക്കുണ്ടായി. ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലും സ്വന്തം പ്രതിനിധികളുണ്ടായി. മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, നിരണം ഗ്രാമപഞ്ചായത്തുകളും തിരുവല്ല നഗരസഭയും യുഡിഎഫ് ഭരണത്തിലാണ്.
കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, കുന്നന്താനം ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലാണ്. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ പുളിക്കീഴ്, ആനിക്കാട്, മല്ലപ്പള്ളി എന്നിവ എല്‍ഡിഎഫ് വിജയിച്ചവയാണ്.