ആലുവ: സാധാരണ രീതിയിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നു കേസുകളിൽ കിട്ടിയ പ്രതിയിൽ അന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്.
എന്നാൽ എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പിടികൂടിയ 150 കിലോ കഞ്ചാവിന്റെ അന്വേഷണം അവസാന കണ്ണിയെ വരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.
ഇതിനായി ആന്ധ്രയിലെ പഡേരുവിലെ കൊടും കാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രൂപം കൊടുത്ത് അതീവ രഹസ്യമായി നടത്തുന്ന ഓപ്പറേഷൻ അവസാന ഘട്ടത്തിലാണ്.
തുടക്കം നവംബറിൽ
കഴിഞ്ഞ നവംബറിൽ റൂറൽ ജില്ലയിലെ അങ്കമാലി, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നായി 150 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. അങ്കമാലിയിൽ ആഡംബര വാഹനത്തിൽ കടത്തുമ്പോഴാണ് സംഭവം.
110 കിലോയോളം കഞ്ചാവ് പാക്ക് ചെയ്ത് കൊച്ചി കേന്ദ്രമാക്കി വിതരണം ചെയ്യാൻ കൊണ്ടുവന്നപ്പോഴാണ് പിടികൂടിയത്. കല്ലൂർകാട് വാടക വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രാ കഞ്ചാവ് മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇവർ ആന്ധ്രയിൽനിന്നും കേരളത്തിലെത്തിച്ചിരുന്നത്.
തുടരന്വേഷണങ്ങളിൽ കഞ്ചാവിന്റെ മൊത്തക്കച്ചവട ശൃംഖലയിലെ പ്രമുഖർ റൂറൽ പോലീസിന്റെ വലയിലായി.ഗുണനിലവാരമനുസരിച്ച് രണ്ടായിരം മുതൽ നാലായിരം രൂപ വരെയാണ് ഒരു കിലോ കഞ്ചാവിന് ആന്ധ്രയിൽ നൽകേണ്ട തുക.
ഇവിടെയെത്തുമ്പോൾ ഇതിന് ഇരുപതിനായിരം മുതൽ നാൽപ്പതിനായിരം രൂപ വരെയാകും.
പഡേരു മുഖ്യ കേന്ദ്രം
വിജയവാഡയിൽനിന്നും മുന്നൂറു കിലോമീറ്റർ ദൂരെയുള്ള വനത്തിലാണ് കഞ്ചാവ് കൃഷിചെയ്യുന്നത്. ആദിവാസി വന മേഖലയായ പഡേരുവാണ് മുഖ്യ കേന്ദ്രം. ഇവിടേക്ക് പുറത്തുനിന്നു വരുന്നവർക്ക് പ്രവേശനമില്ല.
ഹൈവേയിൽ എത്തുന്ന ആവശ്യക്കാർക്ക് വാഹനം അവിടെനിന്നും കൊണ്ടുപോയി കഞ്ചാവ് പായ്ക്ക് ചെയ്ത വണ്ടിയുൾപ്പെടെ തിരികെയെത്തിക്കുകയാണ് രീതി. വിവിധ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇത്തരത്തിൽ കടത്തുന്നത്.
റാവുവിനെ പൊക്കിയത് സാഹസികമായി
കേസുമായി ബന്ധപ്പെട്ട ഇടനിലക്കാരായ മലയാളികളെ മുഴുവൻ പിടികൂടിയെങ്കിലും ആന്ധ്രയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തലവൻ പല്ല ശ്രീനിവാസ റാവുവിനെ പിടികൂടുക അത്രയെളുപ്പമായിരുന്നില്ല.
ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണത്തിന്റെ രാജയായിരുന്നു റാവു. കഞ്ചാവ് വാങ്ങാനുള്ള സംഘമെന്ന വ്യാജേന റൂറൽ പോലീസിന്റെ പ്രത്യേക സംഘം അവിടെയെത്തിയാണ് റാവുവിനെ കുടുക്കിയത്. മാവോയിസ്റ്റുകളുടെയും ആദിവാസികളുടെയും പിന്തുണയുള്ള ആന്ധ്രാ കഞ്ചാവ് ലോബിയെ കുടുക്കുകയെന്നത് അത്ര എളുപ്പമല്ല.
ഇടപാടുകാരെന്ന് വിശ്വാസം പിടിച്ചുപറ്റിയാണ് സംഘത്തിലെ ഒരു പ്രധാനിയായ റാവുവിനെ പിടികൂടിയത്. പോലീസെന്ന് തിരിച്ചറിഞ്ഞ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
റാവുവിനെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.