ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിൽ കണ്ടെത്തി.
പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാൻ സാധ്യതയുള്ളതാണ് എൻ440കെ എന്ന ഈ വകഭേദം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ് (ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലുംപോലും പുതിയ രോഗം ഉണ്ടായേക്കാം.
പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുൻ വൈറസിനെതിരേ ആർജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല.
കഴിഞ്ഞവർഷം കോവിഡിന്റെ തുടക്കകാലത്തുണ്ടായിരുന്ന അതീവജാഗ്രത തുടർന്നും പാലിക്കണമെന്നാണ് ഇത് ഓർമിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിലെ 14 ജില്ലകളിൽനിന്നും ശേഖരിച്ച 2032 സാംപിളുകളിൽ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എൻ440കെ വകഭേദം കണ്ടത്.
ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ൽ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു.
ബ്രിട്ടൻ, ഡെൻമാർക്ക്, സിങ്കപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് കൂടുതൽ പഠനവും അന്വേഷണവും ഈ ഘട്ടത്തിൽ ആവശ്യമാണെന്ന് ‘ഇൻസാകോഗ്’ വിലയിരുത്തി.
18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകൾ പരിശോധിച്ചതിൽ 771 വകഭേദങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.