ന്യൂഡൽഹി: ഭക്ഷണത്തിൽ വിഷം കലർത്തി ഭാര്യയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് സ്വദേശിയായ വരുണ്‍ അറോറയാണ് പിടിയിലായത്.
വരുൺ വിഷം കലർത്തിയ ഭക്ഷണം കഴിച്ച ഭാര്യ, ഭാര്യാമാതാവ്, ഭാര്യ പിതാവ്, സഹോദരി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിൽ ഭാര്യ മാതാവും ഇവരുടെ ഇളയ മകളും മരണത്തിന് കീഴടങ്ങി. വരുണിന്റെ ഭാര്യ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അനിതയാണ് ആദ്യം മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ രാസപദാർഥമായ തല്ലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ഇതിനു പിന്നാലെ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട അറോറയുടെ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിലും വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി.
തുർന്ന്, അനിത ദേവിയുടെ ഇളയമകൾ പ്രിയങ്കയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരും മരണത്തിന് കീഴടങ്ങി. ഇവരുടെ ശരീരത്തിലും തല്ലിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മാത്രമല്ല, രോഗലക്ഷണങ്ങൾ കാണിച്ച അറോറയുടെ ഭാര്യ പിതാവ് ദേവേന്ദർ മോഹൻ ശർമയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിലും തല്ലിയം കണ്ടെത്തി.
എല്ലാവരുടെയും ശരീരത്തിൽ ഒരേ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് വീട് തന്നെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയം വരുണ്‍ അറോറയിലേക്ക് നീങ്ങിയത്. ജനുവരി അവസാനത്തോടെ വരുണ്‍ അറോറ ഇവരുടെ വീട്ടിൽ മീൻ കറി വാങ്ങി വന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മീനിൽ തല്ലിയം ചേർത്താണ് താൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും നൽകിയതെന്ന് അദ്ദേഹം പോലീസിനോടു പറഞ്ഞു.
ഭാര്യയും ബന്ധുക്കളും നാളുകളായി തന്നെ അപമാനിക്കുമായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് എല്ലാവരെയും കൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്ന് അറോറ വ്യക്തമാക്കി.