ടൂറിന്: ലോകകപ്പ് യോഗ്യതയില്‍ ശക്തരായ പോര്‍ച്ചുഗലിനു നനഞ്ഞ തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ അസര്‍ബൈജാനെ 1-0ന് പരാജയപ്പെടുത്താനായെങ്കിലും അത് മികച്ചൊരു ജയമാരുന്നില്ല.
സെല്‍ഫ് ഗോളാണു യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനു ജയം സമ്മാനിച്ചത്. പോര്‍ച്ചുഗലിലേക്കു കോവിഡ് 19നെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടൂറിനില്‍ യുവന്റസിന്റെ സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ഫിഫ റാങ്കിംഗില്‍ പോര്‍ച്ചുഗൽ അഞ്ചാമതും അസര്ബൈജാന് 108-ാമതുമാണ്.
37-ാം മിനിറ്റില്‍ മാക്സിംഗ് മെദ്വദേവിന്റെ സെല്‍ഫ് ഗോളാണു പോര്‍ച്ചുഗലിനു ജയം നല്‍കിയത്. മത്സരത്തില്‍ ആധിപത്യം പോര്‍ച്ചുഗലിനായിരുന്നു. ഗോളിനായി 29 ശ്രമങ്ങളാണു നടത്തിയത്. ഇതില്‍ 14 എണ്ണം വല ലക്ഷ്യമാക്കിയായിരുന്നു.
അസര്ബൈജനാല്നിന്ന് ഒരണ്ണം പോലുമില്ലായിരുന്നു.അസര്ബൈജാന് ഗോളി സഹാറുദ്ദീന് മുഹമ്മദാലിയേവിന്റെ മിന്നുന്ന പ്രകടനമാണ് പോര്‍ച്ചുഗലിന്റെ ശ്രമങ്ങളെല്ലാം തകര്‍ത്തത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയ 3-2ന് അയര്‍ലന്‍ഡിനെ തോൽപ്പിച്ചു. അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ട ഗോളിലാണു സെര്‍ബിയയുടെ ജയം.
ഇതോടെ മിട്രോവിച്ച് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ മുന്‍ യൂഗോസ്ലാവിയന്‍ താരം സ്റ്റെപാന് ബോബെക്കിനൊപ്പമെത്തി.
1946 മുതല്‍ 1956 വരെ യൂഗോസ്ലാവിയയ്ക്കായി കളിച്ച താരം 63 കളിയില്‍ 38 ഗോള്‍ നേടി. മിട്രോവിച്ച് 62-ാം മത്സരത്തില്‍ 38 ഗോളുമായി ബോബെക്കിനൊപ്പമെത്തി.