മതിലകം: യാത്രയ്ക്കിടെ നഷ്ടപ്പെട്ടു പോയെന്നു കരുതിയ സ്വർണമാല വീട്ടമ്മയുടെ സത്യസന്ധതയാൽ വിദ്യാർഥിനിക്കു തിരികെ ലഭിച്ചു.
മതിലകം വാട്ടർ അഥോറിറ്റിക്കു സമീപം ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം വന്നതായിരുന്നു വാടാനപ്പള്ളി പോന്നത്ത് സലീമിന്റെ മകൾ സുറുമി.
ചടങ്ങിൽ സംബന്ധിക്കാൻ പോകുന്ന വഴിയിലാണു സുറുമിയുടെ മാല നഷ്ടപ്പെടുന്നത്.
പൊന്മാനിക്കുടത്തുള്ള വധുവിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. എവിടെയാണു മാല നഷ്ടപ്പെട്ടെന്നതിനെ കുറിച്ചു യാതൊരു വിവരവും ഇവർക്കില്ലായിരുന്നു.
നഴ്സറി നടത്തുന്ന പടിയൂർ സ്വദേശി രായംമരയ്ക്കാർ സൈനബ ഇബ്രാഹിംകുട്ടിക്കാണു മാല കളഞ്ഞു കിട്ടിയത്.
ഇതേ തുടർന്നു ഇബ്രാഹിംകുട്ടിയും സുഹൃത്തും ചേർന്നു മാല മതിലകം സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്താനായി സോഷ്യൽമീഡിയ മുഖേന അറിയിപ്പു നൽകിയിരുന്നു.
വിവരമറിഞ്ഞു തെളിവു സഹിതം സ്റ്റേഷനിലെത്തിയ സുറുമിക്കും ഉമ്മയ്ക്കും ബന്ധു റഫീക്കിനും രായംമരയ്ക്കാർ ഇബ്രാഹിം മാല കൈമാറുകയായിരുന്നു.
എസ്ഐ സുജിത്ത്, പോലീസുകാരായ സുജിത്ത്, ഷിജോയ്, നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.