കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലാ കാനാട്ട്പാറ മംഗലംകുന്നേൽ ഇമ്മാനുവൽ(മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് (43) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുപേർകൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണത്തിനു ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കൂ.
ഈ മാസം 18-നാണ് വിദ്യാർഥിനിയായ 17-കാരിയെ വീട്ടിൽനിന്നും കാണാതായത്. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതിയുമായി കട്ടപ്പന പോലീസിനെ സമീപിക്കുകയായിരുന്നു.
ഇമ്മാനുവേലുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി ഇയാൾക്കൊപ്പം നാടുവിട്ടെന്ന വിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. തമിഴ്നാട്ടിലും പിന്നീട് തിരുവനന്തപുരത്തും ഇവർ എത്തിയതായി വിവരം ലഭിച്ചു.
തുടർന്ന് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് നൽകിയ മൊഴിയിലാണ് ഇമ്മാനുവലിനൊപ്പം പോകുന്നതിനുമുന്പ് 2017, 2018 വർഷങ്ങളിൽ മറ്റു മൂന്നുപേർ കൂടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയത്. ഈ മൊഴിയിലാണ് പോൾ ജോർജ് പിടിയിലായത്.
തായ്ക്വാണ്ട അധ്യാപകനായ പോളിന്റെ കീഴിൽ ഒരുവർഷത്തോളം പെണ്‍കുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങൾക്കായി കൊണ്ടുപോയപ്പോഴാണ് ഉപദ്രവിച്ചത്.
ഇമ്മാനുവേൽ തമിഴ്നാട്ടിലും തിരുവനന്തപുരത്തും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതായി മൊഴി നൽകിയിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കട്ടപ്പന സിഐ ബി. ജയൻ, എസ്ഐമാരായ ബിനു ലാൽ, സാബു തോമസ്, ടി.എ. ഡേവിസ്, വനിത സിപിഒ ജോളി ജോസഫ്, സിപിഒമാരായ സിയാദ്, സബിൻ കുമാർ, എബിൻ ജോസ്, പ്രശാന്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.