തലശേരി: മുസ്ലിംലീഗിന്റെ തല മുതിർന്ന നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും നവമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് നേതാവിനെയും കുടുംബത്തെയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിൽ ചുമതലക്കാരാനായി എത്തി.
ലാപ്ടോപ്പും പിടിച്ച് പ്രവൃത്തിയിൽ മുഴുകിയ ഇയാളെ കണ്ട് മുസ്ലിംലീഗ് ജില്ലാ നേതാവ് പൊട്ടിത്തെറിച്ചു.
തലശേരി കായ്യത്ത് റോഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയേയും കുടുംബത്തേയുമാണ് ഗ്രൂപ്പ് പോരിന്റെ മറവിൽ ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചത്.
പിന്നീട് നേതാവിനേയും കുടുംബത്തേയും അവഹേളിച്ചു കൊണ്ട് രണ്ട് വീഡിയോയും നവ മാധ്യമങ്ങളിൽ ഇയാൾ പോസ്റ്റ് ചെയ്തു.
ഇതിനെതിരെ ബന്ധപ്പെട്ടവർ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാൾ മുസ്ലിംലീഗ് പ്രധാന ഘടകകക്ഷിയായ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ചുമതലക്കാരനായി എത്തിയത്.
യുഡിഎഫ് ഓഫീസിൽ ഇയാളെ കണ്ട മുസ്ലിംലീഗ് നേതാവ് ഡിസിസി സെക്രട്ടറിയോടും യുഡിഎഫ് സ്ഥാനാർഥിയോടും ശക്തമായ പ്രതിഷേധമറിയിക്കുകയും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും മുസ്ലിം ലീഗ് നേതാവിനെ അപമാനിച്ചവനെ പുറത്താക്കാതെ ഇനി യുഡിഎഫ് കമ്മറ്റി ഓഫീസിലേക്ക് ഇല്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
ഇതൊന്നുമറിയാതെ ജോലിയിൽ മുഴുകിയിരുന്ന വിവാദ നായകനെ ഒടുവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിവരം ഡിസിസി സെക്രട്ടറി തന്നെ മുസ്ലിംലീഗ് നേതാവിനെ അറിയിക്കുകയും ചെയ്തു.
കോൺഗ്രസ് മുഖപത്രത്തിന്റെ പ്രാദേശിക പ്രവർത്തകനാണ് ഇയാളെ യുഡിഎഫ് ഓഫീസിൽ കൂട്ടിക്കൊണ്ടു വന്നതെന്നും മുസ്ലിംലീഗിന്റെ പ്രതിഷേധം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അയാളെ ഓഫീസിൽ നിന്നും പുറത്താക്കിയെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പറഞ്ഞു.
യു ട്യൂബ് ചാനൽ തുടങ്ങാനെന്ന പേരിൽ കണ്ണൂരിലെ ഒരാളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ സംഭവത്തിലും ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും അന്വഷണം നേരിടുന്നയാളാണ് യുഡിഎഫ് ഓഫീസിൽ ചുമതലക്കാരനായി എത്തിയതെന്നും റിപ്പോർട്ടുണ്ട്.