സിജോ പൈനാടത്ത്
കൊച്ചി: ഇലക്ഷന് ഡ്യൂട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇക്കുറി കഠിനം. സ്ഥിരതാമസമുള്ള മണ്ഡലത്തിലോ ജോലി ചെയ്യുന്ന സ്ഥാപനം ഉള്‍പ്പെടുന്ന മണ്ഡലത്തിലോ തെരഞ്ഞെടുപ്പു ഡ്യൂട്ടി നല്‍കില്ലെന്ന തീരുമാനമാണു പോളിംഗ് ഉദ്യോഗസ്ഥരെ നെട്ടോട്ടമോടിക്കുന്നത്.
സമീപ മണ്ഡലങ്ങളില്‍ ഡ്യൂട്ടി നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കിലോമീറ്ററുകള്‍ യാത്ര ചെയ്താണു പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച ക്ലാസുകള്‍ക്കു ജീവനക്കാരും അധ്യാപകരും എത്തുന്നത്. തെരഞ്ഞെടുപ്പ് ദിനത്തിലും തലേന്നും സമാനമായ രീതിയില്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്.
താമസസ്ഥലത്തുനിന്ന് 70 മുതല്‍ 100 വരെ കിലോമീറ്റര്‍ അകലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
പോളിംഗ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചതും, കൊറോണസാഹചര്യങ്ങളും അധ്യാപകരെയും ജീവനക്കാരെയും ഇക്കുറി കൂടുതല്‍ വലയ്ക്കും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റു വാങ്ങുന്നതിന് അഞ്ചിനു രാവിലെ എട്ടിനു കളക്ഷന്‍ സെന്ററുകളില്‍ എത്തണം.
ഇതിനു തലേന്ന് ഈസ്റ്റര്‍ ദിനത്തില്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ വന്ന് താമസിക്കേണ്ട സ്ഥിതിയിലാണു തങ്ങളെന്നു ജീവനക്കാര്‍ പരാതിപ്പെടുന്നു. ദമ്പതികളായ ജീവനക്കാരില്‍ ഒരാള്‍ക്കുമാത്രം തെരഞ്ഞെടുപ്പ് ജോലി എന്ന ഉത്തരവും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
മുഴുവന്‍ പോളിംഗ് ജീവനക്കാര്‍ക്കും ഡ്യൂട്ടിയുള്ള നിയോജക മണ്ഡലങ്ങളില്‍ തന്നെ പരിശീലനം ഏര്‍പ്പെടുത്തിയതും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സന്യാസിനിമാരായ അധ്യാപകരെയും ഇക്കുറി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.
എറണാകുളം ജില്ലയുടെ തെക്കന്‍ മേഖലകളിലുള്ള അധ്യാപകര്‍ക്കു ഫോര്‍ട്ട്കൊച്ചി കൊച്ചിന് കോളജിലാണ് ഇന്നലെ പരിശീലന പരിപാടി ഒരുക്കിയത്. പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ ഏപ്രില്‍ അഞ്ചിന് ഇവിടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യണം.
ഇതില്‍ വൈപ്പിന്‍ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി ജോലി ചെയ്യണ്ടവരുമുണ്ട്. കൊച്ചിയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു മൂവാറ്റുപുഴയില്‍ ഇലക്ഷന് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്.നിശ്ചയിച്ചു നല്കിയ തെരഞ്ഞെടുപ്പു ഡ്യൂട്ടി ഇനി മാറ്റാനാകില്ലെന്നു വൈപ്പിന്‍ മണ്ഡലത്തിലെ റിട്ടേിംഗ് ഓഫീസര്‍ കെ. സജീവ് കര്‍ത്താ പറഞ്ഞു.
സ്വന്തം മണ്ഡലത്തിലും ജോലി ചെയ്യുന്ന മണ്ഡലത്തിലും ഡ്യൂട്ടി അനുവദിക്കില്ലെന്നതു തെരഞ്ഞെടുപ്പു കമ്മീഷന്റെ കര്‍ശന നിര്‍ദേശമാണ്. സോഫ്റ്റ് വെയര്‍ സംവിധാനത്തിലാണു ഡ്യൂട്ടി നിര്‍ണയിച്ചത്. ഇതു പ്രകാരം ഡ്യൂട്ടിയ്ക്കു ഹാജാരാകാതിരുന്നാല്‍ നടപടിയുണ്ടാകും.
വികലാംഗര്‍ പോലെ അവശതയനുഭവിക്കുന്നവര്ക്കു ഇലക്ഷന് ഡ്യൂട്ടി മാറ്റാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന ഘട്ടത്തില്‍ പോലും അധ്യാപകര്‍ക്ക് നൂറു കിലോമീറ്ററിലധികം ദൂരെ പോളിംഗ് ജോലി നല്കി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടി പ്രതിഷേധാര്‍ഹമെന്നു കെപിഎസ്ടിഎ എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ വലയ്ക്കുന്ന നടപടിയാണു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോന് പൗലോസ് എന്നിവര്‍ പറഞ്ഞു.