വൈപ്പിൻ: എടവനക്കാട്ടെ സ്വകാര്യ പണമിടപാടു സ്ഥാനപത്തിൽനിന്നും ജീവനക്കാരിയെ കബളിപ്പിച്ച് രണ്ടരക്ഷം രൂപയുമായി മുങ്ങിയ വിരുതനെ പോലീസ് പിടികൂടി.
കണ്ണൂർ അഴീക്കോട് പി.സി. ലൈനിൽ താമസിക്കുന്ന സന്ദീപ് (31) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകുന്നരം ആലങ്ങാട് കോട്ടപ്പുറം ഭാഗത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിൽനിന്നും ഞാറക്കൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
പണവുമായി മുങ്ങി ഒളിവിൽ പോയ പ്രതിക്കായി മൊബൈൽ ഫോണ്‍ നന്പറും വഴിയരികിലെ കാമറയിൽനിന്നും ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുംവച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുടക്കത്തിലെ കാര്യമായ പുരോഗതി ഉണ്ടായില്ല.
സിംകാർഡിന്റെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അത് തിരുവനന്തപുരം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പക്ഷേ ട്രെയിനിൽ വച്ച് മോഷണം പോയ ഫോണിലെ സിം ആണെന്നും പോലീസിൽ പരാതിപ്പെട്ടിട്ടുള്ളതാണെന്നും അറിഞ്ഞതോടെ ആ വഴി മുടങ്ങി.
പിന്നീട് ഫോണിന്റെ ഐഎംഇഐ നന്പർ വച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന മറ്റ് സിംകാർഡുകളിലെ വിലാസം പോലീസിനു ലഭിച്ചു.
ഈ വിലാസം വച്ച് ആളെ തപ്പുന്നതിനിടയിൽ തട്ടിപ്പിനുപയോഗിച്ച വാഹനം പ്രതിയുടെ ഭാര്യയുടെ പേരിലുള്ളതാണെന്ന് പോലീസ് മനസിലാക്കി.
ഈ വാഹനം തപ്പിനടക്കുന്നതിനിടയിൽ ആലങ്ങാട്ട് ഫ്ളാറ്റിൽ ഇതു കണ്ടെത്തി. തുടർന്ന് മണിക്കൂറുകളോളം ഫ്ളാറ്റ് പരിസരത്ത് കാത്തുനിന്ന പോലീസ് പ്രതി വാഹനം എടുത്തു പുറത്തേക്കിറങ്ങിയപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കേസിൽ മറ്റ് രണ്ട് പ്രതികൾ കൂടിയുണ്ടെന്ന് പ്രതി അറിയിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എടവനക്കാട് ഹൈസ്കൂൾ പടിയുള്ള ശ്രീറാം ഫൈനാൻസിൽ ഈ മാസം ഏഴിനാണ് തട്ടിപ്പ് നടത്തിയത്.
ഞാറക്കലെ ദീപക് ഫിനാൻസ് എന്ന സ്ഥാപനത്തിൽ താൻ 1,90,000 രൂപക്ക് സ്വർണം പണയം വെച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷം രൂപ തന്നാൽ അത് എടുപ്പിച്ച് ശ്രീറാം ഫിനാൻസിൽ മറിച്ച് പണയം വെക്കാമെന്ന് ഫോണിലൂടെ ജീവനക്കാരിക്ക് വാഗ്ദാനം നൽകിയതിനെ തുടർന്ന് ഇയാൾക്ക് ജീവനക്കാരി ഞാറക്കലിൽ പണം എത്തിച്ചു കൊടുക്കുകയാണ് ചെയ്തത്.
ഇപ്പോൾ തന്നെ സ്വർണ്ണം എടുപ്പിച്ച് തരാമെന്ന് പറഞ്ഞ് പാതിവഴിയിൽ നിർത്തി പണം വാങ്ങിപ്പോയ പ്രതി മുങ്ങുകയായിരുന്നു.
തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുനന്പം ഡിവൈഎസ്പി ആർ. ബിജുകുമാറിന്റെ നിർദേശാനുസരണം സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. അനുരാജ്, എസ്ഐമാരായ സി.എ. ഷാഹിർ, സുനീഷ് ലാൽ, സിപിഒ സ്വരാജ് എന്നിവർ നടത്തിയ അന്വേഷണത്തിൽ പതിനെട്ടാം പക്കമാണ് പ്രതി അറസ്റ്റിലായത്. ഇന്ന് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
തട്ടിപ്പിന്റെ എക്സ്പർട്ട്
പ്രതി സമാന രീതികളിലുള്ള തട്ടിപ്പിൽ എക്സ്പർട്ടെന്ന് പോലീസ്. കൊറിയർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുകൊണ്ടാണ് ഒപ്പം തട്ടിപ്പും നടത്തുന്നതത്രേ. ഇത്തരത്തിൽ രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
2019ൽ കളമശേരി ഭാഗത്തുള്ള ഒരു കൊറിയർ സ്ഥാപനത്തിൽ ജോലി നോക്കവേ വ്യാജ വിലാസവും ഐഡിയും ഉണ്ടാക്കി ഓണ്‍ലൈൻ വഴി അഞ്ച് ലക്ഷം രൂപയുടെ സ്വർണം ബുക്ക് ചെയ്തു.
ഡെലിവറി സമയത്ത് പണം നൽകാമെന്ന ഉറപ്പിൽ പ്രതി ജോലിചെയ്യുന്ന കൊറിയർ മുഖേന അയക്കാനും ആവശ്യപ്പെട്ടു.
ഇത് പ്രകാരം സാധനം കൊറിയറിൽ സ്ഥലത്തെത്തിയപ്പോൾ രഹസ്യമായി പാക്കറ്റ് തുറന്ന് സ്വർണം പ്രതി കവർന്നു.
തുടർന്ന് വിലാസക്കാരനെ കണ്ടെത്തിയില്ലെന്ന് റിപ്പോർട്ടെഴുതി പായ്ക്കറ്റ് തിരിച്ചയച്ചു. ഓണ്‍ലൈൻ കന്പനിക്കാർ പോലീസിൽ പരാതി നൽകിയതോടെ പ്രതി കുടുങ്ങുകയായിരുന്നു.
കൂടാതെ തിരുവല്ലയിൽ ഇതേ പോലെ പണയം തിരിച്ചെടുപ്പിക്കാനെന്ന് പറഞ്ഞ് ഒരു പണമിടപാട് സ്ഥാപനത്തിൽ രണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയതിനും പോലീസ് കേസുണ്ട്.
തിരക്കഥ ഒരുങ്ങിയത് ആലുവ സബ്ജയിലിൽ
എടവനക്കാട്ടെ തട്ടിപ്പിന്റെ ഗൂഢാലോചന നടന്നത് ആലുവ സബ്ജയിലിൽ. കൂട്ടു പ്രതികളിൽ ഒരാളായ എടവനക്കാട് സ്വദേശി നന്ദുവിനെ ആലുവ സബ്ജയിലിൽ വച്ചാണ് സന്ദീപ് പരിചയപ്പെടുന്നത്.
നന്ദു പള്ളത്താംകുളങ്ങര ബീച്ചിലെ അരുണ്‍ വധക്കേസിലെ എട്ടാംപ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നന്ദു അറസ്റ്റിലായി ജയിൽ കഴിയുന്ന സമയത്താണ് ഒന്നാം പ്രതിയായ സന്ദീപ് കൊറിയറിൽ സ്വർണം തട്ടിപ്പുകേസിൽ പിടിയിലായി ആലുവ സബ്ജയിലിൽ എത്തുന്നത്.
ഇവിടെ വച്ച് ഗൂഢാലോചന നടത്തുകയും ജാമ്യത്തിൽ ഇറങ്ങിയശേഷം ഞാറക്കൽ സ്വദേശിയായ പ്രവീണ്‍ എന്നയാളെയും കൂട്ടിയാണ് തട്ടിപ്പ് നടത്തിയത്. ഒളിവിലായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.