വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ നാട്ടിലെങ്ങും നിലംനികത്തലും കുന്നിടിക്കലും തകൃതിയായി. രാത്രി കാലങ്ങളിൽ മാത്രം ചെയ്തിരുന്ന മണ്ണ് കടത്തലും മണ്ണ് ഖനനവും ഇപ്പോൾ പകലുമായി.
കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അനധികൃത നടപടികൾ നിർബാധം നടക്കുന്നതായി പരാതിയുണ്ട്.
വാൽകുളന്പ്, പനംങ്കുറ്റി, കണിച്ചിപരുത, കുണ്ടുക്കാട്, കുന്നങ്കാട് തുടങ്ങി എവിടേയും മണ്ണ് ലോറികളുടെ പാച്ചിലാണ്.
വഴി നടക്കാനാകാത്ത വിധമാണ് പൊടി പാറിച്ചുള്ള ടിപ്പറുകളുടെ ഓട്ടം.വടക്കഞ്ചേരി വള്ളിയോട് ഭാഗങ്ങളിലും മറയില്ലാതെയാണ് നിലം നികത്തൽ നടക്കുന്നത്.
തെരഞ്ഞെടുപ്പ് തിരക്കുകളായതിനാൽ ബന്ധപ്പെട്ടവരെല്ലാം നടപടികളിലേക്ക് നീങ്ങാതെ കണ്ണടയ്ക്കുന്നു. രാഷ്ട്രീയ പാർട്ടികളും നിശബ്ദമാണ്.മംഗലംഡാമിൽനിന്നു മണ്ണ് എടുക്കൽ നടക്കുന്നതിനാൽ ഇതിന്റെ മറവിലും നിലംനികത്തൽ നടക്കുന്നുണ്ട്.