കാർ തട്ടിയെടുക്കാന്‍ ശ്രമം! പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ കുടുങ്ങി

വാഷിംഗ്ടൺ ഡിസി: കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ യൂബർ ഈറ്റ്സ് ഫുഡ് ഡെലിവറി ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ അറസ്റ്റിൽ.

ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

ചൊവ്വാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. വെർജിനിയ സ്പ്രിംഗ് ഫീൽഡിൽ ഹോണ്ട എക്കോഡിൽ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവർ മുഹമ്മദ് അൻവർ (66) നെ പെൺകുട്ടികൾ ടെയ്‍സർ ഉപയോഗിച്ച് കീഴ്പ്പെടുത്തിയശേഷം കാർ തട്ടിയെടുക്കുകയായിരുന്നു.

തുടർന്നു മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ്, സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് നാഷണൽ പാർക്ക് വാൻസ്ട്രീറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഇതിനിടയിൽ കാറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പെൺകുട്ടികളെ അന്നു തന്നെ ഫോർട്ട് വാഷിംഗ്ടണിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തിന് ദൃക്സാക്ഷിയായ നാഷണൽ ഗാർഡിലെ പോലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെൺകുട്ടികളുടെ വിശദവിവരം പുറത്തുവിട്ടില്ല.

ആദ്യം പെൺകുട്ടികളിൽ നിന്നും രക്ഷപ്പെടാൻ ഡ്രൈവർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെൺകുട്ടികളിൽ ഒരാൾ കാർ സ്റ്റാർറ്റ് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു.

മാർച്ച് 24 നു കോടതിയിൽ ഹാജരാക്കിയ കുട്ടികൾ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിംഗ് വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു.

ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമാണ് മുഹമ്മദ് അമേരിക്കയിൽ കഴിയുന്നത്. മുഹമ്മദിന്‍റെ മറ്റൊരു മകൻ പാക്കിസ്ഥാനിലാണ്. ഇയാൾക്ക് അഞ്ചു പേരകുട്ടികളും ഉണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment