ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 11,908,910 ആയി ഉയർന്നു.
കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നത്തേത്. പുതിയ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ 5.3 ശതമാനം കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 291 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,61,240 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 1.12 കോടി ആളുകൾ രോഗമുക്തരാകുകയും ചെയ്തു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാൻ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.