ലക്നോ: നിയമവിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു.
തെളിവുകളുടെ അഭാവത്തിൽ ലക്നോവിലെ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. അതേസമയം, പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും കോടതി വെറുതെ വിട്ടു.
ഉത്തർപ്രദേശിലെ ചിന്മയാനന്ദ് ഡയറക്റായ കോളജിലെ വിദ്യാർഥിനിയായിരുന്നു പരാതിക്കാരിയായ യുവതി.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പീഡനാരോപണം ഉന്നയിച്ചത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായും പെൺകുട്ടി വിഡിയോയിൽ ആരോപിച്ചിരുന്നു.
ആരോപണത്തിന് പിന്നാലെ കാണാതായ പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് കേസിൽ സുപ്രീംകോടതിയും ഇടപെട്ടു. ഇതിനിടെ പെൺകുട്ടി മൊഴിമാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.