ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർഥികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന റെയ്ഡ് തുടരുന്നു.
ഗതാഗതമന്ത്രി എ. വിജയഭാസ്കറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത അന്പതു ലക്ഷം രൂപ പിടിച്ചെടുത്തു. വെല്ലൂർ, സേലം, മധുര എന്നിവിടങ്ങളിൽ ഡിഎംകെ സ്ഥാനാർഥികളുടെ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്.
കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ സ്ഥാനാർഥി ഇ.വി. വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത മൂന്നര കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപകമായ റെയ്ഡ് ആരംഭിച്ചത്.
സ്ഥാനാർഥികളെ വേട്ടയാടുന്നു എന്നു കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് ഡിഎംകെ പരാതി നൽകിയിട്ടുണ്ട്. റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും, രാഷ്ട്രീയപ്രേരിതമല്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ നിലപാട്.
അതേസമയം നാളെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെന്നൈയിൽ എത്തും. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ സേലത്തുൾപ്പെടെ പ്രചാരണത്തിനുണ്ടാവും.