ആലപ്പുഴ :തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു. മണ്ണഞ്ചേരി അടിവാരത്ത് തെങ്ങിന് മരുന്ന് തളിക്കാൻ കയറിയ 47 വയസ്സുള്ള അനിൽ എന്ന തെങ്ങുകയറ്റ തൊഴിലാളിയെ ആണ് അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 11.15ന് ഡോ. വി. ജി. രഘുനാഥന്റെ പുരയിടത്തിലെ 50 അടിയോളം ഉയരമുള്ള തെങ്ങിന് മരുന്ന് തളിക്കാൻ വേണ്ടിയാണ് തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് അനിൽ കയറിയത്.
മരുന്ന് തളിച്ച ശേഷം ഇറങ്ങാൻ ശ്രമിച്ചപ്പോൾ തെങ്ങുകയറ്റ യന്ത്രം തകരാറിലായി. താഴേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ അനിൽ തെങ്ങിൻ്റെ മടലുകൾക്ക് മുകളിലേയ്ക്ക് കയറി ഇരിക്കുകയും താഴേക്കിറങ്ങാനാകില്ലെന്ന് താഴെ ഉണ്ടായിരുന്നവരോട് പറഞ്ഞയുകയും ചെയ്തു.
തുടർന്ന് ആലപ്പുഴ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.അഗ്നിരക്ഷാസേന സ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡറ്റൻ്റെയും മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയുടെയും സഹായത്തോടെ യാതൊരു വിധ പരിക്കുകളും ഉണ്ടാകാതെ അനിലിനെ സുരക്ഷിതമായി താഴെ ഇറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഒഫീസർ ഗിരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ .സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.