ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഒരു പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.
വൈറസിന്റെ വകഭേദം വ്യാപിക്കുന്നത് ഇനിയും തുടരും. ഇതിനൊപ്പം ജീവിക്കാനാണ് നാം ഇനി പഠിക്കേണ്ടതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇനി ലോക്ക്ഡൗണിനുള്ള സാധ്യതയില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും വൈറസ് എങ്ങനെ പടരുമെന്ന് ആർക്കും അറിയില്ലായിരുന്നു.
എന്നാൽ ഇതൊക്കെയായിട്ടും വൈറസ് പോയില്ല. ഇതിനാൽ ലോക്ക്ഡൗൺ ഒരു പരിഹാരമല്ലെന്നും സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടികളാണ് വേഗത്തിലാക്കേണ്ടത്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതലുകൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.