ഐഎസേ ഓടിക്കോ…48 മണിക്കൂറിനുള്ളില്‍ നഗരം വിട്ടില്ലെങ്കില്‍ പണി തീര്‍ക്കുമെന്ന് ഐഎസ് തീവ്രവാദികള്‍ക്ക് സിറിയന്‍ വിമതരുടെ മുന്നറിയിപ്പ്, ഐഎസ് കോട്ടകള്‍ തകരുന്നു

terrorismവടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നു ഐഎസിന് യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതര്‍ അന്ത്യശാസനം നല്‍കി. പ്രസ്തുത സമയപരിധിക്കുള്ളില്‍ ലഘു ആയുധങ്ങളുമായി ജിഹാദിസ്റ്റുകള്‍ക്ക് മന്‍ബിജ് വിടാമെന്ന് മന്‍ബിജ് മിലിറ്ററി കൗണ്‍സില്‍ വ്യക്തമാക്കി.
യുഎസ് പിന്തുണയുള്ള കുര്‍ദിഷ്, അറബി സഖ്യമായ സിറിയാ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) സഹകരിച്ചാണു മിലിറ്ററി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഡിഎഫ് സൈനികര്‍ നഗരം വളഞ്ഞിരിക്കുകയാണ്
ഇതിനിടെ മന്‍ബിജിലും പ്രാന്തത്തിലും യുഎസ് ഈയിടെ നടത്തിയ വ്യോമാക്രമണത്തില്‍  11 കുട്ടികള്‍ ഉള്‍പ്പെടെ 56 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതു വന്‍പ്രതിഷേധത്തിനിടയാക്കി. വ്യോമാക്രമണം നിര്‍ത്തിവയ്ക്കാന്‍ പ്രതിപക്ഷ സിറിയന്‍ ദേശീയ മുന്നണി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന യുഎസ് വ്യോമാക്രമണത്തിലാണ് 56 പേര്‍ കൊല്ലപ്പെട്ടത്.തലേന്നു നടത്തിയ മറ്റൊരു ആക്രമണത്തില്‍ 21 പേര്‍ക്കു ജീവഹാനി നേരിട്ടു.

ഇതേസമയം, ചൊവ്വാഴ്ച മന്‍ബിജ് പ്രാന്തത്തിലെ ഗ്രാമത്തില്‍ ആക്രമണം നടത്തിയത് ഫ്രഞ്ചു യുദ്ധവിമാനങ്ങളാണെന്നും തിങ്കളാഴ്ചയാണു യുഎസ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും സിറിയന്‍ ഭരണകൂടം പറഞ്ഞു. ഭീകരര്‍ക്കു പകരം നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യംവച്ചു ഫ്രഞ്ച്, യുഎസ് സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളെ അപലപിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രസ്താവന പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് യുഎന്നിനു കത്തയയ്ക്കുകയും ചെയ്തു. അസാദിനെതിരേ പോരാടുന്ന പാശ്ചാത്യപിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും മന്‍ബിജില്‍ നടന്ന വ്യോമാക്രമണത്തെ അപലപിച്ചു. ഭീകരതയുടെ പേരു പറഞ്ഞ് ഇത്തരം ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാവില്ലെന്ന് ഫ്രീസിറിയന്‍ ആര്‍മിയിലെ 30 ഘടകങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
മന്‍ബിജില്‍ സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.

Related posts