സ്വന്തംലേഖകൻ
തൃശൂർ: ഏതാനും ആഴ്ചകൾ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണമെങ്കിലും അതും സാധ്യതയാക്കി “പോൾ ടൂറിസം’ പദ്ധതി നടപ്പാക്കാമെന്ന് കാണിക്കുകയാണ് കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകൻ.
ഇതിനകം നിരവധി മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി അവിടത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പരസ്യങ്ങളുടെ നേർകാഴ്ചകളുമൊക്കെ നേരിൽ കണ്ട് അനുഭവിച്ച് കറങ്ങി നടക്കുകയാണ് പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിൻ.
വിവിധ വർണങ്ങളിലുള്ള ചുമരെഴുത്തുകൾ, പോസ്റ്ററുകൾ, കട്ട് ഒൗട്ടുകൾ, കൊടികളും തോരണങ്ങളും ആണ് പോൾ ടൂറിസത്തിന്റെ ഹൈലൈറ്റെന്ന് എബിൻ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകളും ടൂറിസവുമായി ബന്ധിപ്പിച്ചു ന്ധപോൾ ടൂറിസംന്ധ എന്ന ആശയം നടപ്പാക്കാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും അതാത് ജില്ലകളിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലോ, ടൂർ ഓപ്പറേറ്റർമാരോ ഇത്തരം കാഴ്ചകൾക്കായി പാക്കേജ് ഏർപ്പെടുത്തിയാൽ ആളുകൾക്ക് താൽപര്യമുണ്ടാകും.
വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ചു ഏതാനും ദിവസം മുതൽ ആഴ്ച്ച വരെ നീണ്ട് നിൽക്കുന്ന പോൾ ടൂറിസം പാക്കേജുകൾ നടത്താനാകും.
നിയമസഭ, ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് അത്തരം പാക്കേജുകൾ നടപ്പാക്കാൻ സാധിക്കുക.
കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മറ്റും നേരിൽ കാണാൻ കൂടുതൽ പേർ രംഗത്തു വരുമെന്നു തന്നെയാണ് എബിന്റെ വിശ്വാസം.
ഏതാനും ആഴ്ചകൾ മാത്രം നിലനിൽക്കുന്ന വീറും വാശിയും ആവേശവും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ ഉത്സവാന്തരീക്ഷ പ്രതീതി ആണ് എല്ലാർക്കും നൽകുന്നത്.
നിലവിൽ കേരളത്തിലെ അന്പത് മണ്ഡലങ്ങളിൽ ബൈക്കിൽ ചുറ്റി സഞ്ചരിച്ചു തെരഞ്ഞെടുപ്പ് കാഴ്ചകൾ ആസ്വദിക്കുകയാണ് എബിൻ.
തൃശൂർ ജില്ലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മണ്ഡലങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു.