രാജപുരം: പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശമുയർത്തി അശ്വിൻ പ്രസാദും പി.എച്ച്. മുഹമ്മദ് റംഷാദും നടക്കാൻ തുടങ്ങുകയാണ്.
കാസർഗോഡുനിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശം യുവാക്കളിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ചുള്ളിക്കര ഡോൺ ബോസ്കോ കോളജിലെ പൂർവവിദ്യാർഥികളായ ഇരുവരും വളരെ നാളുകൾക്കുമുമ്പേ ആലോചിച്ചുറപ്പിച്ചതാണ് ഒരു യാത്രപോകാൻ.
എന്നാൽ കോവിഡ് മൂലം അന്നതിന് കഴിഞ്ഞില്ല. ഇപ്പോൾ സാഹചര്യം അനുകൂലമായി വന്നപ്പോൾ ഇരുവരുടെ കൈയിൽ പണമില്ല.
തുടർന്നാണ് പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന ആശയം ഇരുവരും ആലോചിച്ചത്. പോകുന്ന വഴികളിൽ ടെന്റടിച്ചു കിടക്കാനും സർക്കാരിന്റെ വിശപ്പുരഹിത ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാനുമാണ് തീരുമാനം.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ മകനാണ് 21 കാരനായ അശ്വിൻ പ്രസാദ്. പരപ്പ കമ്മാടം സ്വദേശിയാണ് 22 കാരനായ മുഹമ്മദ് റംഷാദ്.
ഇരുവർക്കും നാഷണൽ യൂത്ത് പ്രോജക്ട് കാസർഗോഡ് ടീമിന്റെ നേതൃത്വത്തിൽ ചെറുപനത്തടിയിൽ പഞ്ചായത്തംഗം എൻ. വിൻസന്റ് യാത്രാകിറ്റുകൾ നൽകി യാത്രയയപ്പ് നൽകി.
എൻവൈപി പ്രവർത്തകരായ രാജീവ് രാജു ബന്തടുക്ക, പി.വി. ശ്രീകുമാർ, വിനോദ് കുമാർ,രമേഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.