പാലക്കാട്: തങ്ങൾ വിജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്ന് നയം വ്യക്തമാക്കി പാലക്കാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾ.
ജില്ല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും സ്ഥാനാർഥികൾ പറഞ്ഞു.
പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ, എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ്, എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരൻ എന്നിവർ വികസന കാഴ്ചപ്പാടും ആശയങ്ങളും തുറന്നുപറഞ്ഞത്.
തന്റെ 67 വർഷത്തെ ഒൗദ്യോഗിക ജീവിതത്തിലെ അനുഭവ സന്പത്തും പരിചയവും ജില്ലയെ വികസനകുതിപ്പിലേക്ക് എത്തിക്കാൻ ഉപയോഗിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു.
വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഉൗന്നൽ നൽകിയിട്ടുള്ള വികസനമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷക്കാലം എംഎൽഎ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഷാഫി പറന്പിൽ പറഞ്ഞു.
മെഡിക്കൽ കോളജ്, വിക്ടോറിയ കോളജിലെ സിവിൽ സർവീസ് അക്കാദമി എന്നിവക്ക് പുറമെ കായിക മേഖലയിലും വികസന കുതിപ്പിന് വേഗത കൂട്ടി.
യുഡിഎഫ് വിജയിച്ചാൽ വികസന തുടർച്ചയിലൂടെ പാലക്കാടിന്റെ ചരിത്രം മാറ്റിയെഴുതുമെന്നും ഷാഫി പറന്പിൽ അവകാശപ്പെട്ടു.
ഇടതുമുന്നണി സർക്കാറിന്റെ ഭരണത്തിൽ സംസ്ഥാനത്ത് വികസന കുതിപ്പുണ്ടായപ്പോൾ പാലക്കാടിനെ സംബന്ധിച്ചിടത്തോളം വികസന മുരടിപ്പാണ് അനുഭവപ്പെട്ടതെന്ന് എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാറിൽനിന്ന് വിഹിതം ചോദിച്ച് വാങ്ങുന്നതിന് ജനപ്രതിനിധിക്കുണ്ടായ പരാജയമാണ് ഇതിനുകാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, ബസ് സ്റ്റാൻഡുകൾ, തകർന്ന റോഡുകൾ എന്നിവ ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഇടത് സ്ഥാനാർഥി വാദിച്ചു.
ഇടത് മുന്നണി വിജയിക്കുകയാണെങ്കിൽ പാലക്കാടിന്റെ ഇന്നത്തെ അവസ്ഥക്ക് മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
വികസനപ്രവർത്തനങ്ങൾക്ക് സർക്കാറിനെ മാത്രം ആശ്രയിക്കാതെ മറ്റു ഏജൻസികളിൽ നിന്ന് പണം കണ്ടെത്തണമെന്ന് ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു.
യുഡിഎഫ് സർക്കാറിന്റെ കാലത്തെ വികസന പ്രവർത്തനമാണ് നടക്കുന്നതെന്നും എൽഡിഎഫ് സർക്കാർ യാതൊന്നും ചെയ്തിട്ടില്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
എന്നാൽ ഇടതുമുന്നണി സർക്കാറിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനമാണ് മെഡിക്കൽ കോളജ് ഉൾപ്പെടെ പ്രാവർത്തികമാക്കിയതെന്ന് സി.പി. സുമോദും വ്യക്തമാക്കി.