ന്യൂഡൽഹി: ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്‍ നിയമമായി. ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പിട്ടതോടെയാണ് നിയമമായി മാറിയത്.
നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. നിയമം എപ്പോൾ മുതൽ പ്രാബല്യത്തിൽവരുമെന്ന് ഇനി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിക്കും. അരവിന്ദ് കേജരിവാളിനു വലിയ തിരിച്ചടിയാണ് പുതിയ നിയമത്തിലൂടെ സംഭവിക്കുന്നത്.
സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ച് സഭയിൽനിന്നും ഇറങ്ങിപ്പോയിരുന്നു.
ഡൽഹി സർക്കാർ എന്നത് വിവക്ഷിക്കുന്നത് ഡൽഹി ലഫ്. ഗവർണർ എന്നാണെന്ന് ബിൽ വ്യക്തമാക്കുന്നു. ഡൽഹി സർക്കാർ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഡൽഹി ലഫ്. ഗവർണർ അറിയണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ഡൽഹി കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലിനെതിരേ രൂക്ഷ വിമർശനങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുഖകരമായ ദിവസം എന്നാണ് കേജരിവാൾ അഭിപ്രായപ്പെട്ടത്.
ജനങ്ങളുടെ അധികാരം പുനസ്ഥാപിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരും.പ്രതിബന്ധങ്ങൾ എന്തുതന്നെയായാലും ഈ പ്രവർത്തനങ്ങൾ തുടരും. ജോലി നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യില്ലെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു.