കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂ ന്ന് വയസുകാരി വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനു പോലീസ്.
ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണമാണു പോലീസ് നടത്തിവരുന്നത്. പ്രത്യേക സംഘം തമിഴ്നാട്ടിലെത്തിയാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ ഇയാള്‍ കോയമ്പത്തൂര്‍ വഴി കടന്നുപോയതായ വിവരങ്ങളും പോലീസിനു ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചത്.
നേരത്തേ ഇയാള്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഒറ്റയ്ക്കാണു യാത്ര എന്നാണു സൂചനകള്‍. ഇതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ദുരൂഹതനിറഞ്ഞ ജീവിതം
ഇയാളുടെ ജീവിതവും ദുരൂഹത നിറഞ്ഞതാണെന്നു പോലീസ് പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം ഭാര്യ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു മാത്രമാണ് അറിവുള്ളത്.
കൂടുതല്‍ ബന്ധുക്കള്ക്കറിയില്ലെന്നാണു പോലീസ് പറയുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇതിലൊന്നും പണം കണ്ടെത്താനായിട്ടില്ല.
തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ നേരത്തെ ഇയാള്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഏതാനും തട്ടിപ്പ് നടത്തിയശേഷമാണു കൊച്ചിയിലേക്കു മടങ്ങിയതെന്നാണു സൂചന.
തട്ടിപ്പ് സംബന്ധിച്ച് ഇയാള്‍ക്കെതിരേ കേസുകളുള്ളതായും സൂചനയുണ്ട്.ഇതു സംബന്ധിച്ചെല്ലാം അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.
ചിത്രങ്ങൾതയാറാക്കി പോലീസ്
അതിനിടെ, തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ഇയാളെ കണ്ടതായുള്ള സൂചനകള്‍ നേരത്തേതന്നെ അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇയാള്‍ ഒളിച്ചുകഴിയാന്‍ സാധ്യതയുള്ള ചിത്രങ്ങളും പോലീസ് തയാറാക്കിയിട്ടുണ്ട്.
പല വിധത്തിലുള്ള ചിത്രങ്ങളാണു അധികൃതര്‍ തയാറാക്കിയിട്ടുള്ളത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നാണു പോലീസ് പറയുന്നത്. വൈഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകുമെന്നാണു വിവരങ്ങള്‍.