അടൂര്‍: രോഗാതുരയായ മാതാവിനെ മദ്യലഹരിയില്‍ മകന് ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ പോലീസ് ഇടപെട്ട് നടപടിയെടുത്തു.
പറക്കോട് ,അറുകാലിക്കല്‍ ക്ഷേത്രത്തിന് സമീപം മാളിക കീഴില്‍ വടക്കേതില്‍ വീട്ടില്‍ പരേതനായ മോഹനന്റെ ഭാര്യ വസന്തകുമാരി (53) യാണ് മകന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്.
അടൂര്‍ പോലീസ് ഇടപെട്ട് വസന്തകുമാരിയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലേക്കു മാറ്റി.വസന്തകുമാരിയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരിച്ചു.
രണ്ട് മക്കളാണിവര്‍ക്കുള്ളത്. ഇരുവരും വിവാഹിതരുമാണ് . ഒരാള്‍ കുടുംബസമേതം പന്തളത്താണ് താമസം.കൂടെയുള്ള മകന് സജിന്റെ മദ്യപാനസ്വഭാവം നിമിത്തം ഭാര്യ ഉപേക്ഷിച്ചു പോയി.
രോഗിയായ വസന്തകുമാരിക്ക് മകന് ചികിത്സയോ സംരക്ഷണമോ നല്‍കാറില്ലെന്ന് പറയുന്നു. കഴിഞ്ഞദിവസം വൈകുന്നേരം മദ്യലഹരിയിലായ മകന്റെ ഉപദ്രവം സഹിക്കവയ്യാതെ വസന്തകുമാരി നിലവിളിക്കുന്നതു കേട്ടവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസെത്തിയപ്പോള്‍ അക്രമാസക്തനായ സജിന്‍ ഭീഷണി മുഴക്കി. പോലീസ് ഉദ്യോഗസ്ഥരുടെ നയപരമായ ഇടപെടലില്‍ ഇയാളെ ശാന്തമാക്കിയാണ് വസന്തകുമാരിയെ രക്ഷപ്പെടുത്തിയത്.
മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മകനെതിരെ കേസെടുക്കുമെന്ന് പോലീസ്.