പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് എതിരേ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വ്യാപക അക്രമം.
ക്ഷേത്രങ്ങള്‍ക്കും ബസുകള്‍ക്കും ട്രെയിനുകള്‍ക്കുമെതിരേ വന്‍തോതിലുള്ള ആക്രമണമാണ് കലാപകാരികള്‍ അഴിച്ചു വിട്ടത്.
നരേന്ദ്രമോദി ധാക്കയില്‍ ഇറങ്ങിയ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അക്രമം ഞായറാഴ്ച എത്തിയപ്പോള്‍ ബസുകളും ട്രെയിനുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കാണ് എത്തി നില്‍ക്കുന്നത്.
പലയിടത്തായി നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് ജീവന് നഷ്ടമായി. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിറകിലെന്നും നിരവധി ക്ഷേത്രങ്ങളും ഗതാഗത സംവിധാനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച സന്ദര്‍ശനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് അരങ്ങേറിയ അക്രമങ്ങളില്‍ ഞായറാഴ്ച വരെ 11 പേര് കൊല്ലപ്പെട്ടതായി ബംഗ്ലാദേശി പോലീസും ഡോക്ടര്‍മാരും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോദി എത്തിയതു മുതല്‍ തുടങ്ങിയ കലാപം മോദി രാജ്യം വിട്ടിട്ടും ഞായറാഴ്ച വരെ തുടര്‍ന്നു. ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും സ്വതന്ത്രമായതിന്റെ 50 ാം വാര്‍ഷികാഘോഷ വേളയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ധാക്ക സന്ദര്‍ശിച്ചത്.
1.2 ദശലക്ഷം കോവിഡ് വാക്സിന് ഷെയ്ഖ് ഹസീനയ്ക്ക് ഉറപ്പു് നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ മുസ്ലീങ്ങളോട് മോദി വിവേചനം കാണിക്കുന്നുവെന്നു പറഞ്ഞായിരുന്നു തീവ്ര ഇസ്ലാമിക സംഘടനകള്‍ അക്രമം അഴിച്ചു വിട്ടത്.
വെള്ളിയാഴ്ച തന്നെ തലസ്ഥാന നഗരമായ ധാക്കയില്‍ ജനക്കൂട്ടം തെരുവില്‍ ഇറങ്ങുകയും പോലീസ് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച ആയിരക്കണക്കിന് ആള്ക്കാര് വരുന്ന കൂട്ടായ്മയാണ് ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് തെരുവില്‍ എത്തിയത്.
ഇതില്‍ ഹഫീസത്ത് ഇ ഇസ്ളാം ഗ്രൂപ്പ് കിഴക്കന്‍ ജില്ലയായ ബ്രാഹ്മണ് ബാരിയയില്‍ ട്രെയിന്‍ ആക്രമിച്ചു. ഈ അക്രമത്തില്‍ 10 പേര്‍ക്കാണ് പരിക്കേറ്റത്.
തീവണ്ടി ആക്രമിക്കുകയും എഞ്ചിന് റൂമിലും കോച്ചുകളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഗീത അക്കാദമി ഉള്‍പ്പെടെ അനേകം ഓഫീസുകള്‍ക്ക് തീയിടുകയും ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്തതായി ബംഗ്ലാദേശിലെ തന്നെ മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പ്രസ് ക്ലബ്ബില്‍ വരെ ആക്രമണം നടത്തി. പ്രസിഡന്റ് ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരേയും വെറുതേവിട്ടില്ല. അതിനിടയില്‍ ശനിയാഴ്ചത്തെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഞായറാഴ്ച മരണമടഞ്ഞു.
പടിഞ്ഞാറന്‍ ജില്ലയായ രാജ് ഷാഹിയില്‍ രണ്ടു ബസുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. രാജ്യത്തിന്റെ പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.
പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ധാക്കയിലെ നാരായണ്‍ ഗഞ്ചില്‍ വൈദ്യുതി പോസ്റ്റുകളും കൂറ്റന്‍ തടികളും മണല്‍ചാക്കും വെച്ച് പ്രതിഷേധക്കാര്‍ വഴി തടയാന്‍ ശ്രമിച്ചത് പോലീസ് ടീയര്‍ഗ്യാസും റബ്ബര്‍ബുള്ളറ്റും ഉപയോഗിക്കാന്‍ കാരണമായി.
റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ ധാക്കയിലും ബസുകള്‍ കത്തിച്ചു. പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ തെരുവില്‍ ഇറങ്ങിയതെന്നാണ് ഹഫീസത്ത് ഇ ഇസ്ളാം എന്ന സംഘടന പറയുന്നത്.
സമാധാനമായി പ്രകടനം നടത്തിയ തങ്ങള്‍ക്ക് നേരെ പോലീസ് വെടിവെച്ചെന്നാണ് ഹെഫാസത്ത ഇ ഇസ്ളാം പ്രവര്‍ത്തകര്‍ പറയുന്നത്.