തിരുവനന്തപുരം: എട്ടുവർഷം മുന്പു മരിച്ച വ്യക്തിയുടെ പേര് വരെ പോസ്റ്റൽ ബാലറ്റിനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടതായും ഇതിനു പിന്നിലെ കൃത്രിമം അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മരിച്ചുപോയവരുടെയും പോസ്റ്റൽ വോട്ടുകൾക്കു സമ്മതം നൽകാത്തവരുടെയും പേരുകൾ പോസ്റ്റൽ ബാലറ്റിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരേ പരാതി നല്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിൽ പോസ്റ്റൽ വോട്ടിനുള്ള ലിസ്റ്റിൽമരിച്ചു പോയ എട്ടുപേരുടെ പേരുകളുണ്ട്.
തിരുവനന്തപുരം വഞ്ചിയൂർ ബൂത്തിലെ വോട്ടർമാരായിരുന്ന ആനന്ദഭായി അമ്മ, ഗംഗാധരൻ, ഗോപിനാഥൻ നായർ, സുകുമാർ, കൃഷ്ണൻ, മാധവിക്കുട്ടി അമ്മ എന്നിവർ മരണമടഞ്ഞവരാണ്.
എന്നാൽ പോസ്റ്റൽ വോട്ടിനായുള്ള ലിസ്റ്റിൽ ഇവരുടെയും പേരുണ്ടെന്നും ഇതുസംബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ ചീഫ് ഇലക് ഷൻ ഏജന്റ് പരാതി നല്കിയെന്നും ചെന്നിത്തല പറഞ്ഞു.
പോസ്റ്റൽ വോട്ടുകൾ പല സ്ഥലങ്ങളിലും സീൽഡ് ബാലറ്റ് ബോക്സിലല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്ന സ്ട്രോംഗ് റൂമുകളിൽ പലയിടത്തും സിസിസിടിവി കാമറകളുമില്ല.
ഇടതു പക്ഷ സർവീസ് സംഘടനകളിൽപെട്ടവർ ഈ ബാലറ്റുകളിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ട്.
ഒാരോ നിയമസഭാ മണ്ഡലത്തിലും 10,000 ത്തിലധികം വ്യാജവോട്ടർമാരുണ്ട്. തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ഇതു മതി.
വ്യാപകമായി കള്ളവോട്ട് ചേർത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല ജനങ്ങളെ വഞ്ചിക്കുകകൂടിയാണ് സിപിഎമ്മും ഇടതുമുന്നണിയും ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.