ഈരാറ്റുപേട്ട: ആഡംബര ജീവിതം മോഹിച്ചു ലഹരി വിൽപനക്കിറങ്ങിയ ഫുട്ബോൾ താരം എക്സൈസിന്റെ പിടിയിലായി. തൊടുപുഴ കുമാരമംഗലം പാറയിൽ മുഹമ്മദ് ഷെരിഫാണ് (20) അറസ്റ്റിലായത്.
എക്സൈസ് മേലുകാവിൽ നടത്തിയ റെയ്ഡിലാണ് ബൈക്കിൽ ഈരാറ്റുപേട്ടയിലെ നിശാപാർട്ടിക്കായി കൊണ്ടു വന്ന എട്ട് മില്ലിഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് ഇയാൾ പിടിയിലായത്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഫുട്ബോൾ സെവൻസ് ടൂർണമെന്റുകളിലെ അറിയപ്പെടുന്ന കളിക്കാരനാണ് ഷെരീഫ്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന അമിത ലാഭം ലക്ഷ്യമിട്ടാണ് ഇയാൾ വിൽപ്പനയ്ക്ക് ഇറങ്ങിയത്.
തൊടുപുഴ കേന്ദ്രീകരിച്ച് എക്സൈസും, പോലീസും, മയക്ക് മരുന്നു വേട്ട ശക്തമാക്കിയതോടെ കോട്ടയം ജില്ലയുടെ അതിർത്തിയായ മേലുകാവിൽ, മാസവാടകയ്ക്ക് വീടുകൾ അന്വേഷിച്ച് യുവാക്കൾ എത്തുന്നതായുള്ള വിവരത്തിൽ മേലുകാവിൽ റെയ്ഡ് നടത്തുകയായിരുന്നു.
നിശാ പാർട്ടികളിലും നൃത്തപരിപാടികളിലും മറ്റും ദീർഘനേരത്തെ ആഘോഷത്തിനായി ഉപയോഗിക്കുന്ന ഈ ലഹരിമരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ ഉണ്ടാക്കുന്നതുമാണ്.
കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് പിള്ള, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് സുകുമാരൻ, ടി.ജെ. മനോജ്, അഭിലാഷ് കുമ്മണ്ണൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, സി.ജെ.നിയാസ്, നൗഫൽ കരിം, ജസ്റ്റിൻ തോമസ്, ഷാനവാസ്, കെ.വി. വിശാഖ്, സുജാത സിബി, പ്രീയ കെ. ദിവാകരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.