ചങ്ങനാശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പറിച്ച് രക്ഷപ്പെട്ടതുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ യുവാക്കളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കോട്ടുപടി പാറക്കുളം വീട്ടിൽ അലൻ റോയി(21), നാലുകോടി മന്പള്ളിൽ ജസ്റ്റിൻ ബിജു,(21)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്്ത്.
രണ്ടാഴ്ച മുന്പ് വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട കേസിലാണ് ഇവർ പിടിയിലായത്. ഈ കേസിൽ രണ്ടു യുവാക്കളെക്കൂടി പിടികിട്ടാനുള്ളതായും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ അമര ആശാരിമുക്കിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവർ വീട്ടമ്മയുടെ മാല പൊട്ടിക്കുന്ന സംഭവം സമീപത്തെ സ്ഥാപനത്തിലുള്ള സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു.
കാമറയും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം എസ്എച്ച്ഒ എ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.