മൂന്നാർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും ജയക്കൊടി സ്വന്തം തൊഴിലിന്റെ തിരക്കിലാണ്.
ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിന്റെ ഭാര്യയാണ് ജയക്കൊടി.
സ്ഥാനാർഥി മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓടിയെത്തി വോട്ടർമാരെ കാണാനുള്ള തിരക്കിലാണെങ്കിലും തെരഞ്ഞെടുപ്പിന്റെ ഒരു തിരക്കിലും പെടാതെ ജയക്കൊടി മൂന്നാറിലെ ചോക്ലേറ്റ് നിർമാണ ഫാക്ടറിയിൽ ജോലിയുടെ തിരക്കിലാണ്.
ബിരുദധാരിയാണെങ്കിലും കൂലിപ്പണി ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഇവർ പറയുന്നു.
മക്കൾ പഠിച്ച് ഓരോ നിലയിലെത്തിയെങ്കിലും ജയക്കൊടി തന്റെ തൊഴിൽ അഭിമാനത്തോടെ തുടരുകയാണ്.
എംബിഎ ബിരുദധാരിയായ മകൻ ടാറ്റാ കോൾ സെന്ററിലെ ഉദ്യോഗസ്ഥനാണ്. മകൾ ബിരുദധാരിയുമാണ്.
പഴയ മൂന്നാറിലെ ചോക്ലേറ്റ് കന്പനിയായ എഎസ്പി ഇല്ലത്തിലാണ് കഴിഞ്ഞ പത്തുവർഷമായി ജയക്കൊടി ജോലിചെയ്യുന്നത്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമാകുന്നില്ലെങ്കിലും ഭർത്താവിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ജയക്കൊടി പറയുന്നു.