കൊച്ചി: ഡോളര്‍, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയ സംഭവത്തില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ഇന്നു കസ്റ്റംസ് മുമ്പാകെ ഹാജരായേക്കില്ല.
നേരത്തെ രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
ലൈഫ് മിഷന് കരാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പാരിതോഷികമായി വില കൂടിയ ഐ ഫോണുകള്‍ നല്‍കിയെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യുണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു.
എന്നാല്‍ ആറാമത്തേത് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍.
വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിനോദിനി ഫോണ്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.
സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുമ്പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. ചോദ്യം ചെയ്യല്‍ സംബന്ധിച്ചു തനിക്കു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണു വിനോദിനിയുടെ വാദം.