മിഷന്-സി എന്ന ചിത്രത്തിനു ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന നായക കഥാപാത്രത്തെ മലയാള സിനിമയിലെ യുവ നടന് അപ്പാനി ശരത് അവതരിപ്പിക്കുന്നു.
തമിഴ്നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജെല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.
ജെല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ പ്രമേയമായ ഈ തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ മുന്നോടിയായി ഒരു പരിശീലന ക്യാമ്പ് പഴനി സുരഭീ തപോവനത്തിലാരംഭിച്ചു.
വളരെ അക്രമാസക്തരായ ജെല്ലിക്കെട്ട് മത്സര കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്.
ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. കാളകളുടെ ഭയാനകമായ രൂപം തന്നെ ഏവരെയും ഭയപ്പെടുത്തും.
പരിശീലകന് ഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നത്. എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്.
ജീവന് പണയം വെച്ചിട്ടാണ് കാളയുടെ അടുത്തേക്ക് പോകുന്നത്. ഈ വേഷം ഗംഭീരമാകും. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെനിക്ക്- ശരത് പറഞ്ഞു.
ജെല്ലിക്കെട്ടിനോടൊപ്പം തന്നെ തമിഴര്‍ക്ക് ആവേശകരമായ മറ്റൊരു കളിയാണ് കോഴിപ്പോര്.അതും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതിനാല്‍ ശരത് അതിലും പരിശീലനം നേടുന്നുണ്ട്.
എല്ലാ അര്‍ത്ഥത്തിലും തമിഴ് ജീവിത സംസ്ക്കാരത്തിന്റെ തനിമ ഈ ചിത്രത്തിലുണ്ടാകും. -സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ പ്രമുഖരും അഭിനയിക്കുന്നുണ്ട്. റിച്ച് മള്‍ട്ടി മീഡിയയുടെ ബാനറില്‍ ജയറാം ശിവറാം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിര്‍വഹിക്കുന്നു.
തിരക്കഥ, സംഭാഷണം ജയറാം ശിവറാം എഴുതുന്നു. തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില ഏപ്രില്‍ 16ന് ഷൂട്ടിംഗ് ആരംഭിക്കും.
– എ.എസ്. ദിനേശ്.