സ്വന്തംലേഖകൻ
തൃശൂർ: മുപ്പത് വർഷം മുന്‍പ് മലയാളികൾ കേട്ടു തുടങ്ങിയ കോ-ലീ-ബി സഖ്യത്തെക്കുറിച്ചുള്ള ചർച്ച ഇനിയും നിലയ്ക്കുന്നില്ല.
വർഷങ്ങൾ പലതു പിന്നിട്ടിട്ടും ഈ സഖ്യത്തിന്റെ പേരിലുള്ള വിവാദങ്ങളും കുറ്റപ്പെടുത്തലുകളും തുടർന്നുകൊണ്ടേയിരിക്കയാണ്.
ഈ വിവാദങ്ങളിൽ നിന്ന് തലയൂരാനും മറക്കാനും കോണ്‍ഗ്രസും ലീഗും ബിജെപിയും ശ്രമിക്കുന്പോൾ വിഷയം സജീവമാക്കി നിർത്താനുള്ള ഇടതുപക്ഷത്തിന്റെ ബുദ്ധിയാണ് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുന്നത്.
എന്താണ് കോ-ലീ-ബി
1991ലാണ് കോ-ലീ-ബി സഖ്യം എന്നറിയപ്പെടുന്ന ഈ കൂട്ടുകെട്ടിനെ സംബന്ധിച്ച് പുറത്തറിയുന്നത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും തമ്മിലുണ്ടാക്കിയെന്നു പറയുന്ന കരാറിനെയാണ് സിപിഎം പരമാവധി പരസ്യപ്പെടുത്തിയത്.
വടകര, ബേപ്പൂർ മണ്ഡലങ്ങളിലാണ് മൂന്നു കക്ഷികളും സംയുക്ത സ്ഥാനാർഥിയെ നിർത്തിയതായി ആരോപണം ഉയർത്തിയത്.
എന്നാൽ അന്നൊക്കെ ഇതുമായി ബന്ധപ്പെട്ട് വിവിധ നേതാക്കൾ പലതരം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും വിഷയം വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണുണ്ടായത്.
സംഭവം നായനാരുടെ കാലത്ത്
ഇ.കെ നായനാർ മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലാണ് കോ-ലീ-ബി സഖ്യ വിവാദം ഉയർന്നത്.
കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താൻ ഇ.കെ. നായനാർ മന്ത്രിസഭ തീരുമാനിച്ചത്.
തൊട്ടുമുന്‍പ് നടന്ന ജില്ലാ കൗണ്‍സിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വന്പിച്ച മുന്നേറ്റമായിരുന്നു ഇത്തരമൊരു തീരുമാനം എടുക്കാൻ ഇടതുപക്ഷത്തിന് ധൈര്യം നൽകിയത്.
മുസ്ലിം ലീഗ് യുഡിഎഫ് ഭിന്നത അടക്കമുള്ള അനുകൂല ഘടകങ്ങൾ വേറെയുമുണ്ടായിരുന്നു. സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ എതിർ കക്ഷികൾ സ്വീകരിച്ച പരിഹാര മാർഗമായിരുന്നു ഈ സഖ്യം.
കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നതെന്നും മുസ്ലിം ലീഗ് നേതൃത്വം പലവട്ടം ബിജെപിയുമായി ചർച്ച നടത്തിയെന്നും പിൽക്കാലത്ത് കെ.ജി മാരാരുടെ ജീവചരിത്രത്തിൽ വെളിപ്പെടുത്തലുണ്ടായി. ഇതോടെയാണ് വിവാദം വീണ്ടും കത്താൻ തുടങ്ങിയത്.
ലക്ഷ്യം അക്കൗണ്ട് തുറക്കാൻ
കേരള നിയമസഭയിൽ യുഡിഎഫ് പിന്തുണയോടെ അക്കൗണ്ട് തുറക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുകയായിരുന്നു യുഡിഎഫിന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, വടകര മണ്ഡങ്ങളിൽ പൊതുസ്വതന്ത്രരെ മൽസരിപ്പിക്കുക എന്നതായിരുന്നു ആ തീരുമാനം. കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കും സമ്മതരായ സ്ഥാനാർഥികളെ ജയിപ്പിക്കുകയായിരുന്നു തന്ത്രം.
അങ്ങനെ അഡ്വ. രത്ന സിംഗ് വടകരയിലും ഡോ. കെ. മാധവൻകുട്ടി ബേപ്പൂരിലും മൽസരിച്ചു.
കേരളത്തിലാകെ യുഡിഎഫിനെ ബിജെപി പിന്തുണയ്ക്കുക, പകരമായി മഞ്ചേശ്വരം നിയമ സഭ മണ്ഡലത്തിൽ ബിജെപി നേതാവ് കെ.ജി മാരാർക്കെതിരെ യുഡിഎഫ് ദുർബലനായ സ്ഥാനാർഥിയെ നിർത്തുകയും വോട്ടു മറിച്ചുനൽകി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.
ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ.ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ. രാമൻ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഒ. രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണ നൽകാൻ ധാരണയിലെത്തിയിരുന്നു.
കെ.ജി മാരാർക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നൽകുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിർന്ന നേതാക്കളെതന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
രഹസ്യം പുറത്താക്കിയത് ലീഗ് നേതാക്കൾ
മുസ്ലിം ലീഗിലെ ചില നേതാക്കളാണ് ഈ രഹസ്യധാരണയെക്കുറിച്ച് ആദ്യം പുറത്തുപറഞ്ഞത്. അതിനു പിന്നാലെ, സിപിഎം ഈ ധാരണയ്ക്കെതിരെ രൂക്ഷവിമർശനമുയർത്തി. അതോടെ കോ-ലീ-ബി സഖ്യം എന്ന ആരോപണം കത്തിപ്പിടിച്ചു.
ഫലം വന്നപ്പോൾ വടകരയിലും ബേപ്പൂരിലും കോ-ലീ-ബി സ്ഥാനാർഥികൾ പൊട്ടി. മഞ്ചേശ്വരത്തും തന്ത്രം പാളി. മറ്റു മണ്ഡലങ്ങളിലും ഫലം കണ്ടില്ല.
എങ്കിലും, നിയമസഭയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടി. മുസ്ലിം ലീഗ് വീണ്ടും യുഡിഎഫുമായി അടുത്തു. അതിനു പിന്നാലെ, ശ്രീപെരുന്പത്തൂരിൽവെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഇത് കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചു.
കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹവും പൊലിഞ്ഞു. പക്ഷേ അന്നത്തെ ആരോപണം ഇനിയും കെട്ടടങ്ങുന്നില്ല.